മട്ടന്നൂർ : ബൂത്തുപിടിത്തവും കൈയാങ്കളിയും പതിവായ തിരഞ്ഞെടുപ്പ് ചരിത്രത്തിന് തിരുത്തെഴുത്തായി മട്ടന്നൂർ നഗരസഭയിലെ മേറ്റടി ബൂത്തിൽ നിന്നുള്ള ഒരു കാഴ്ച. മൂന്ന് മുന്നണികളും വാശിയേറിയ പ്രചാരണം കാഴ്ചവച്ച ഇവിടെ പോളിംഗ് പൂർത്തിയായപ്പോൾ പ്രവർത്തകരും സ്ഥാനാർത്ഥികളും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് സൗഹൃദത്തോടെ പിരിഞ്ഞതിലൂടെ പകർന്നത് പുതിയ സന്ദേശം.
ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന വാർഡാണിത്. ആറുമണിക്ക് പോളിംഗ് അവസാനിക്കുമ്പോൾ എല്ലാ പാർട്ടികളുടെയും പ്രവർത്തകർ ബൂത്തിന് പുറത്ത് ഒത്തുകൂടുകയായിരുന്നു.സംഘർഷാന്തരീക്ഷമാണോയെന്ന് കരുതി പിരിഞ്ഞു പോകാനാവശ്യപ്പെട്ടപ്പോൾ ബൂത്തിന് പുറത്ത് ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ അനുവദിക്കണമെന്നായി പ്രവർത്തകർ. തങ്ങളുടെ മുന്നിൽ വച്ച ആവശ്യത്തിൽ അത്ഭുതം കൂറിയ പൊലീസ് സന്തോഷത്തോടെ ഇതിന് അനുവദിക്കുകയായിരുന്നു.
തുടർന്ന് മൂന്ന് സ്ഥാനാർത്ഥികളും പാർട്ടിപ്രവർത്തകരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഈ അത്ഭുതദൃശ്യം പകർത്താൻ മറന്നില്ല.