SignIn
Kerala Kaumudi Online
Sunday, 29 January 2023 8.56 PM IST

ചെങ്കൊടിയേന്താൻ കണ്ണൂരിന്റെ ഗോവിന്ദൻ

mv-govindan

കണ്ണൂർ: ദരിദ്രകർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്രാജ്യത്വ ശക്തികൾക്കെതിരായ കർഷക പോരാട്ടത്തിന്റെ മണ്ണായ മൊറാഴയിൽ നിന്നും സി.പി.എം കേന്ദ്രകമ്മിറ്റിയിലേക്ക് ഉയർന്ന എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി എത്തുമ്പോൾ കരുത്താകുന്നത് അരനൂറ്റാണ്ട് കാലത്തെ തെളിമയാർന്ന പൊതുപ്രവർത്തനത്തിലെ അനുഭവസമ്പത്ത്.

തളിപ്പറമ്പ് മണ്ഡലത്തിലെ ഏതു പ്രവർത്തകനെയും പേരെടുത്ത് വിളിക്കാനുള്ള ബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവും എം.എൽ.എയുമാണ് എം.വി ഗോവിന്ദൻ. ഇരിങ്ങൽ യു.പി സ്‌കൂളിൽ കായിക അദ്ധ്യാപകനായ എം.വി ഗോവിന്ദൻ സജീവരാഷ്ട്രീയ പ്രവർത്തനത്തിലൂടെ അധഃസ്ഥിതരും അശരണരുമായ ജനവിഭാഗത്തിന്റെ മാഷായി മാറുകയായിരുന്നു. പാർട്ടിയിലേക്ക് കടന്നുവരുന്നവരെ മാർക്സിയൻ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന സൈദ്ധാന്തികനായ ഈ നേതാവാണ് പാർട്ടി സ്‌കൂളുകൾക്കും പഠന ഗവേഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്.

മൊറാഴയിലെ കെ. കുഞ്ഞുമ്പുവിന്റെയും മീത്തലെ വീട്ടിൽ മാധവിയുടെയും ആറുമക്കളിൽ രണ്ടാമനാണ് എം.വി ഗോവിന്ദൻ പറശിനിക്കടവ് കോൾമെട്ടയിൽ നിന്നുമാണ് അദ്ദേഹത്തിന്റെ കുടുംബം മൊറാഴയിലെത്തുന്നത്.
വിപ്ലവവീര്യമുള്ള മൊറാഴയിലെ കർഷക സമരങ്ങളുടെ മണ്ണാണ് അദ്ദേഹത്തിലെ പൊതുപ്രവർത്തകന് ഊർജ്ജമാകുന്നത്. വളരെ ചെറുപ്പത്തിൽ ബാലസംഘം പ്രവർത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായും തന്നിലെ പൊതുപ്രവർത്തകനെ അദ്ദേഹം അടയാളപ്പെടുത്തുകയായിരുന്നു.
കെ.എസ്.എഫിന്റെ പ്രവർത്തകനും കണ്ണൂർ ജില്ലാ യുവജന ഫെഡറേഷൻ ഭാരവാഹിയായിരുന്നു. കെ.എസ്.വൈ.എഫ് രൂപീകരിച്ചപ്പോൾ നേതൃത്വത്തിലേക്ക് ഉയർന്നു. ഡി.വൈ.എഫ്.ഐ സ്ഥാപക നേതാക്കളിൽ ഒരാളാണ്. തുടർന്ന് സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.

1969ൽ പാർട്ടി അംഗമായി. 1980കളുടെ ആദ്യപകുതിയിൽ അവിഭക്ത കണ്ണൂർ ജില്ലയിലെ കാസർകോട് താലൂക്ക് സെക്രട്ടറിയായ അദ്ദേഹം ഉത്തരമലബാറിന് ചുവപ്പൻ അടിത്തറയുണ്ടാക്കി. 2002ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. പാർട്ടിവിഭാഗീയത കൊടുമ്പിരിക്കൊള്ളുമ്പോൾ എറണാകുളം ജില്ലാ സെക്രട്ടറിയായി ജില്ലയിൽ പാർട്ടിയെ ഒറ്റക്കെട്ടാക്കി ശക്തിപ്പെടുത്തി. 2006 ൽ സംസ്ഥാന സെക്രട്ടറിയേറ്റിലും 2018ൽ കേന്ദ്രകമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം സി.പി.എം കണ്ണൂർ ജില്ലാ റെഡ് വളണ്ടിയർ സേനയുടെ ക്യാപ്റ്റനുമായിരുന്നു അറുപത്തിയെട്ടുകാരനായ എം.വി ഗോവിന്ദൻ.

ഉരുകിത്തെളിഞ്ഞ കമ്യൂണിസ്റ്റ്
അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ഉരുകിത്തെളിഞ്ഞ കമ്മ്യൂണിസ്റ്റാണ്. കൊടിയ പൊലീസ് മർദ്ദനത്തിനിരയായി. നാല് മാസം ജയിലിലുമായി. നേരത്തെ പത്തുവർഷം എം.എൽ.എയായി പാർലമെന്ററി രംഗത്ത് കഴിവ് തെളിയിച്ചു. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ നിന്ന് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയിലേക്ക് എത്തിയത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ച എം.വി ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമാനായാണ് ചുമതലയേറ്റത്. പാർട്ടിക്കു പുറത്തും വിപുലമായ സൗഹൃദബന്ധങ്ങൾ ഗോവിന്ദനുണ്ട്. പിണറായി കെ. സുധാകരൻ രാഷ്ട്രീയ പോര് കൊടുമ്പിരികൊള്ളുമ്പോഴും സുധാകരനോട് സൗഹൃദം പങ്കുവെച്ച എം.വി ഗോവിന്ദനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നപ്പോൾ രാഷ്ട്രീയ നിലപാടുകൾ വ്യക്തിബന്ധങ്ങളെ ബാധിക്കാൻ പാടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.