കൊച്ചി: ഓണത്തിന് മുല്ലപ്പൂ ചൂടണമെങ്കിൽ ഇമ്മിണി കാശ് മുടക്കേണ്ടിവരും. നൂറേ നൂറിൽ പായുകയാണ് മുല്ലപ്പൂ വില. തിരുവോണത്തിന് ഒരു മുഴത്തിന് വില 200രൂപയിൽ എത്തിയാലും അതിശയിക്കേണ്ട. ഇന്നലെ എറണാകുളത്ത് 100-125 രൂപയായിരുന്നു വില.
കഴിഞ്ഞ ദിവസങ്ങളിൽ തൃപ്പൂണിത്തുറ ഭാഗത്ത് മുല്ലപ്പൂവിന് മുഴത്തിന് 150 വരെ എത്തിയിരുന്നു.ചിങ്ങ മാസത്തിൽ മുല്ലപ്പൂവിന് വലിയ ഡിമാന്റാണ്. ഓണവും കല്യാണ സീസണും ഒരുമിച്ചെത്തുന്നതാണ് കാരണം. തമിഴ്‌നാട്ടിലും കേരളത്തിലും ഇപ്പോൾ വിവാഹ സീസണാണ്. മുല്ലപ്പൂക്കൃഷി കുറഞ്ഞതും മഴയിൽ നശിച്ചതും വില വർദ്ധിക്കാൻ കാരണമായി.ആന്ധ്ര, സേലത്തെ ധർമ്മപുരി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മുല്ലപ്പൂവിന്റെ വരവ്. നാടൻ പൂക്കൾ കുറവാണ്. അത്തം തുടങ്ങിയതുമുതൽ പെയ്ത മഴ മുല്ലപ്പൂക്കൃഷിയെ ബാധിച്ചിട്ടുണ്ട്. കൊവിഡ് പേടിയിൽ ഇത്തവണ തമിഴ്നാട്ടിൽ മുല്ലപ്പൂക്കൃഷി കാര്യമായി നടന്നിരുന്നില്ല.
കഴിഞ്ഞ വർഷവും പൂവില 100 കടന്നിരുന്നു. സ്കൂൾ, കോളേജ്, ഓഫീസ് ഓണാഘോഷങ്ങൾക്കെല്ലാം മുല്ലപ്പൂ കൂടുതൽ ആവശ്യം വന്നതാണ് വില കൂടാൻ കാരണം.
ഉണ്ണിക്കൃഷ്ണൻ
ഉണ്ണി ഫ്ളവർ ഷോപ്പ്
വളഞ്ഞമ്പലം