കൊരട്ടി: ദേശീയ പാതയിൽ ജെ.ടി.എസ് ജംഗ്ഷനിൽ ടെമ്പോ വാൻ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു റോഡിൽ ഡീസൽ ഒഴുകി. അപകട സാദ്ധ്യത കണക്കിലെടുത്ത് ചാലക്കുടി ഫയർഫോഴ്സ് രക്ഷാ പ്രവർത്തനം നടത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്താണ് ഡീസൽ നിർവീര്യമാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ.വർഗീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അജിത് കുമാർ, വി.എസ്.സുധൻ, കെ.അരു, എസ്.അതുൽ എന്നിവർ ചേർന്ന് വെള്ളം പമ്പ് ചെയ്തു ഡീസൽ നീക്കം ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
ശ്രീനാരായണ സാഹിത്യ പരിഷത്ത്
പത്രാധിപർ അനുസ്മരണം ഇന്ന്
തൃശൂർ: തോളൂർ ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കേരളകൗമുദി സ്ഥാപക പത്രാധിപർ പദ്മഭൂഷൺ കെ.സുകുമാരന്റെ 41ാം ചരമവാർഷിക അനുസ്മരണയോഗം ഇന്ന് രാവിലെ 10.30ന് കണിമംഗലം തോളൂർ രാമൻ ഹാളിൽ നടക്കും. ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ.തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.സരളാഭായി അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ മുഖ്യാതിഥിയാകും. എടത്ര ജയൻ, അരുൺ എസ്.തോളൂർ, ഡോ.കെ.ആർ.സാജി, ഡോ.എം.എസ്.ശ്രീരാജ്, കെ.പി.ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും. 11.30ന് 80 വയസിനുള്ളിൽ 90 കൃതികൾ രചിച്ച ഡോ.ഷൊർണൂർ കാർത്തികേയനുള്ള സ്വീകരണം പുരാവസ്തു ഗവേഷകൻ ടി.ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ടി.എൻ.ആനന്ദപ്രസാദ് ഉപഹാരം നൽകും. കെ.ഭവദാസൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. പത്രാധിപർ സ്മാരക കവിസമ്മേളനവുമുണ്ടാകും.
തിരുവോണം ബമ്പർ: റെക്കാഡ് വില്പന
തൃശൂർ : സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പറിൽ ജില്ലയിൽ റെക്കാഡ് വിൽപ്പന. ഇതിനകം 35 കോടിയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റെടുക്കുന്നതിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബമ്പർ ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുക്കുക. 25 കോടിയാണ് ഒന്നാം സമ്മാനം. അഞ്ച് കോടി രണ്ടാം സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |