SignIn
Kerala Kaumudi Online
Thursday, 19 September 2024 4.23 AM IST

വിദ്യാ മഹോത്സവമായി വിജയദശമി ആദ്യക്ഷരമധുരം നുക‌ർന്ന് കുരുന്നുകൾ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: വിജയദശമി നാളായ ഇന്നലെ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്ക് കടന്നു. ക്ഷേത്രങ്ങൾ,സാംസ്‌കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭച്ചടങ്ങുകൾ നടന്നത്. കൊവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജില്ലയിലെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും നവരാത്രിയുടെ ഭാഗമായി പൂജവയ്പ്പ് ഉണ്ടായിരുന്നു. ഇന്നലെ രാവിലെ പൂജയെടുപ്പിന് ശേഷം കുട്ടികളെ എഴുത്തിനിരുത്തി. വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകൾ അക്ഷരലോകത്തേക്ക് പിച്ചവച്ചു.കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ സരസ്വതിദേവിയെ വണങ്ങാനും ആദ്യക്ഷരം കുറിക്കാനും നിരവധി ഭക്തരെത്തിയിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസനടയിൽ കുട്ടികളെ എഴുത്തിനിരുത്തി. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി പെരിയമന കേശവൻമ്പൂതിരി, സഹമേൽശാന്തി കേശവൻമ്പൂതിരി എന്നിവരും ചട്ടമ്പിസ്വാമി സ്മാരകത്തിൽ ഡോ.ബാബു ഗോപാലകൃഷ്ണൻനായർ എന്നിവരും കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ മേൽശാന്തി രാമചന്ദ്രൻ നമ്പൂതിരി, കീഴ്ശാന്തി എ.ജയരാജൻ നമ്പൂതിരി,ഹരീഷ് ചന്ദ്രശേഖരൻ, ഡോ. വെള്ളിനേഴി അച്യുതൻകുട്ടി, റിട്ട.ജസ്റ്റിസ് ബാലചന്ദ്രൻ, ഡോ.എം.എസ്.അനിൽകുമാർ, ഡോ.വി.രഘു തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി.

പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ,ഡോ.ശശി തരൂർ എം.പി, ഡോ.എ.സമ്പത്ത്, വി.കെ.പ്രശാന്ത് എം.എൽ.എ, സൂര്യ കൃഷ്ണമൂർത്തി,ഗിരീഷ് പുലിയൂർ, സുനിൽ പരമേശ്വരൻ തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി. മന്ത്രി വി.ശിവൻകുട്ടി,കെ.മുരളീധരൻ എം.പി. എന്നിവർ പങ്കെടുത്തു. ഗവർണർ ദേവനാഗരി ലിപിയിലാണ് 10 ഓളം കുട്ടികൾക്ക് ഹരിശ്രീ കുറിച്ചത്.ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അദ്ദേഹത്തെ പൂർണകുംഭം നൽകി വരവേറ്റു.
ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ എഴുത്ത്,ചിത്രകല,സംഗീതം, നൃത്തം എന്നിവയിൽ വിദ്യാരംഭം നടന്നു. തുഞ്ചൻ പറമ്പിൽ നിന്നെത്തിച്ച മണലിൽ ഹരിശ്രീ എഴുതിയവർക്ക് ആചാര്യന്മാർ അഷ്ടദ്രവ്യവും താളിയോലയും നൽകി അനുഗ്രഹിച്ചു. ഡോ.ടി.ജി.രാമചന്ദ്രൻപിള്ള,ഡോ.എഴുമറ്റൂർ രാജരാജവർമ്മ,കെ.വി.മോഹൻകുമാർ, പ്രൊഫ.വി.കാർത്തികേയൻനായർ,ആറ്റുകാൽ ദാമോദരൻമ്പൂതിരി എന്നിവർ എഴുത്തിലും കാരയ്ക്കാമണ്ഡപം വിജയകുമാർ,പ്രൊഫ.സുശീലാദേവി,കല്ലറ ഗോപൻ,മണക്കാട് ഗോപൻ ഗായത്രി എന്നിവർ വിവിധ കലകളിലും ആചാര്യന്മാരായി. കണ്ണമ്മൂല ശ്രീ ചട്ടമ്പിസ്വാമി ജന്മസ്ഥാനക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ വിദ്യാധിരാജ പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.എസ്.സുരേഷ് കുമാർ,എഴുത്തുകാരൻ തലനാട് ചന്ദ്രശേഖരൻ നായർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി കുട്ടികൾക്ക് അറിവിന്റെ ഹരിശ്രീ പകർന്നു നൽകി.

ശിവഗിരിമഠം,അരുവിപ്പുറം മഠം,ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,പാറശാല മഹാദേവക്ഷേത്രം,വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം,മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.