പാലോട്: പാലോട്ട് സർക്കാർ ഓഫീസുകളിൽ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം. പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തുള്ള സാമൂഹ്യക്ഷേമ വകുപ്പിന്റെ ഓഫീസിലും, വിദ്യാഭ്യാസ വകുപ്പിന്റെ പാലോട് ഉപജില്ലാ ഓഫീസിലുമാണ് കഴിഞ്ഞ ദിവസം രാത്രി സമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയത്. ഓഫീസുകളുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ചെടിച്ചട്ടികൾ തറയിലെറിഞ്ഞു. സർവീസ് സംഘടനകൾ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു. ചുറ്റുപാടും മദ്യകുപ്പികളും ഗ്ലാസും മിനറൽ വാട്ടർ കുപ്പികളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ്. സംഭവസ്ഥലത്ത് നിന്ന് അക്രമികളുടേതെന്ന് കരുതുന്ന ചെരുപ്പ് വാങ്ങിയ ബില്ലും,പെട്രോൾ അടിച്ച ബില്ലും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പാലോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും സി.സി ടിവി പരിശോധിച്ച് അക്രമികളെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു. ഈ പ്രദേശങ്ങളിൽ രാത്രിയായാൽ സാമൂഹ്യ വിരുദ്ധരും, കഞ്ചാവ് വില്പന സംഘങ്ങളും സ്ഥിരമായി എത്താറുണ്ടെന്നും മദ്യപിച്ചു ബഹളം വയ്ക്കുന്നത് നിത്യസംഭവമാണെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |