കല്ലടിക്കോട്: പൊതുവിപണിയിൽ കാന്താരി മുളകിന് വില കുതിക്കുന്നു. മുളകിന്റെ ഗുണനിലവാരവും വലിപ്പവും അനുസരിച്ച് കിലോയ്ക്ക് 500 മുതൽ 700 രൂപയാണ് വില. ഉൾനാടൻ ഗ്രാമീണ മേഖലയിൽ പോലും കാന്താരിമുളക് വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കൃഷിചെയ്യുന്നില്ല.
കൃഷിഭവനുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകളിൽ കാന്താരിമുളക് ചോദിച്ച് വരുന്നവർ ഏറെയാണ്. നാട്ടിൻപുറങ്ങളിലെ ചന്തകളിലും വിൽപനയ്ക്ക് എത്താറുണ്ട്. പൊതുവിപണിയിൽ ഉയർന്ന വില ലഭിക്കാറുണ്ടെങ്കിലും വിലയുടെ കാര്യത്തിലെ ചാഞ്ചാട്ടവും വിത്തുകളുടെയും ചെടികളുടെയും ലഭ്യതക്കുറവും വൻതോതിൽ ഇവ കൃഷി ഇറക്കുന്നതിന് പ്രതികൂല ഘടകങ്ങളാണ്.
വർദ്ധിച്ച സ്വീകാര്യത പരിഗണിച്ച് കൃഷിഭവനുകൾ കേന്ദ്രീകരിച്ച് തൈ വിതരണം ചെയ്തിരുന്നു. നിറങ്ങളിലും വൈജാത്യം പുലർത്തുന്ന ഇവ എരിവിലും ഗുണത്തിലും ഒരു പടി മുന്നിലാണ്.
ഗുണങ്ങളും പ്രത്യേകതകളും
വേനൽക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യാൻ പറ്റും.
തോട്ടങ്ങളിൽ ഇടവിളയായും കൃഷി ചെയ്യാം.
വിറ്റാമിൻ സിയുടെ കലവറയായ കാന്താരിമുളകിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു
ജൈവ കീടനാശിനിയുടെ നിർമ്മാണത്തിനും ഉപയോഗിക്കാം
കാന്താരിമുളക് അരച്ച് സോപ്പ് ലായനിയിൽ ചേർത്താണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്
നാട്ടിലും വിദേശത്തും വൻ ഡിമാൻഡാണുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |