മുതിർന്നവർ കൂടുതൽ സന്തോഷപ്രദമായ ജീവിതം നയിക്കാൻ ഡോക്ടർമാരും ആരോഗ്യഗവേഷകരും പറയുന്നത്, ക്രമാനുഗതമായ വ്യായാമം വളരെ പ്രധാനമാണെന്നാണ്. എന്നാൽ, ചില വ്യായാമങ്ങൾ മുതിർന്നവരുടെ, പ്രത്യേകിച്ച് 65 വയസിന് മുകളിലുള്ളവരുടെ ആരോഗ്യത്തിന് അപകടകരമായേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രായമാകുന്തോറും മനുഷ്യരുടെ ജീവശാസ്ത്രം മാറിക്കൊണ്ടിരിക്കും.
ശാരീരികമായി ആരോഗ്യമുള്ള മുതിർന്നവർ ആസ്വദിക്കുന്ന ആരോഗ്യആനുകൂല്യങ്ങൾ നേടാൻ, പ്രായമായവർ സ്ഥിരമായി വ്യായാമം ചെയ്യണം. അങ്ങനെ ചെയ്താൽ മുതിർന്നവർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാം. അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകരുടെ കണ്ടുപിടിത്തമാണ്, പ്രായമായവർക്ക് നടക്കാൻ, കുളിക്കാൻ, ഭക്ഷണംപാകം ചെയ്യാൻ, ആഹാരം കഴിക്കാൻ, വസ്ത്രം ധരിക്കാൻ തുടങ്ങിയ കാര്യങ്ങളിൽ സ്വാതന്ത്ര്യം നിലനിർത്താൻ ഏറ്റവും നല്ല മാർഗ്ഗമാണ് വ്യായാമം എന്നത്.
വീഴാതിരിക്കാൻ പതിവ് വ്യായാമം
ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിർന്നവർ വീണാൽ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതാണ്. 'നാഷണൽ കൗൺസിൽ ഒഫ് ഏജിംഗി ' ന്റെ കണക്കനുസരിച്ച് ലോകത്ത് ഓരോ 11 സെക്കൻഡിലും ഒരു മുതിർന്ന പൗരൻ വീഴുന്നുണ്ട്. ഓരോ 19 മിനിറ്റിലും ഒരാൾ വീതം ഈ വീഴ്ചയിൽ മരിക്കുന്നുമുണ്ട്. എന്നാൽ, പതിവ് വ്യായാമം, വീഴാനുള്ള സാദ്ധ്യതയെ കുറയ്ക്കും. വ്യായാമം നിങ്ങളുടെ ശക്തി മെച്ചപ്പെടുത്തി സ്വതന്ത്രരായിരിക്കാൻ സഹായിക്കുന്നതിനൊപ്പം കൂടുതൽ ഊർജ്ജവും പകർന്ന് നൽകും. കൂടാതെ നിങ്ങളുടെ ശാരീരിക ബാലൻസ് മെച്ചപ്പെടുത്തുകയും അതിലൂടെ വീഴ്ച തടയാനും സഹായിക്കും. മുതിർന്നവരെ കൂടുതൽ ചടുലവും ഊർജ്ജസ്വലരുമാകാനും രോഗത്തെ പ്രതിരോധിക്കാനും ആരോഗ്യകരമായ ഉറക്കം പ്രോത്സാഹിപ്പിക്കാനും വേദന ലഘൂകരിക്കാനും പതിവ് വ്യായാമം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. വ്യായാമത്തിലൂടെ കൂടുതൽ സജീവമായ ജീവിതശൈലി സ്വീകരിച്ചാൽ പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോ പൊറോസിസ്, വിഷാദരോഗം തുടങ്ങിയവയെ തടയാൻ കഴിയും. ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പതിവ് വ്യായാമം അത് കുറയ്ക്കുകയും ചെയ്യും.
രോഗമുക്തിയുടെ താക്കോൽ
മനസും ശരീരവും വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ആരോഗ്യശാസ്ത്രഗവേഷകർ പറയുന്നത്. അമേരിക്കയിലെ അരിസോണാ സ്റ്റേറ്റിലെ, ട്യൂസാനിലുള്ള അൽഷിമേഴ്സ് റിസർച്ച് ആൻഡ് പ്രിവൻഷൻ ഫൗണ്ടേഷന്റെ കണ്ടുപിടുത്തം ക്രമമായ വ്യായാമം ചെയ്യുന്ന ഒരാൾക്ക് അൽഷിമേഴ്സോ, ഡിമെൻഷ്യയോ വരാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കുമെന്നാണ്. വൻകുടൽ കാൻസർ, പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയവ വരാനുള്ള സാദ്ധ്യത കുറയ്ക്കാൻ ദിവസവും 10,000 ചുവടുകൾ നടക്കുന്നത് വളരെ നല്ലതാണെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശം, ഹൃദയം, രക്തചംക്രമണ സംവിധാനം തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജം വർദ്ധിപ്പിക്കാനും നടത്തം സഹായിക്കും. മുതിർന്നവർക്കുള്ള
വ്യായാമങ്ങളെക്കുറിച്ച് അടുത്ത ആഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |