മണ്ണാർക്കാട്: കൗമാര പ്രതിഭകളുടെ കരവിരുതും ശാസ്ത്ര കൗതുകങ്ങളും മികവുകളും മാറ്റുരയ്ക്കുന്ന ജില്ലാ കേരളാ സ്കൂൾ ശാസ്ത്രോത്സവത്തിന് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആവേശ്വജ്ജല തുടക്കം. വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ പതാക ഉയർത്തി. എൻ. ഷംസുദ്ദീൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷ കെ. പ്രസീത അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം, നഗരസഭാ കൗൺസിലർമാരായ അരുൺകുമാർ പാലക്കുറുശ്ശി, മുഹമ്മദ് ഇബ്രാഹിം, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ എം.ഉബൈദുള്ള, ഡി.ഇ.ഒ ഇൻ ചാർജ് ടി.വി.നസീർ സംസാരിച്ചു.
ശാസ്ത്രോത്സവം ലോഗോ രൂപകൽപന ചെയ്ത ചിറ്റിലഞ്ചേരി പി.കെ.എം.യു.പി.എസിലെ പി.പി. മുഹമ്മദ് കോയക്കുള്ള ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു. പ്രവൃത്തി പരിചയമേളയിലെ തത്സമയ മത്സരങ്ങളും വൊക്കേഷണൽ എക്സ്പോയും ഐ.ടി മേളയും ഡി.എച്ച്.എസിലും ഗണിതശാസ്ത്ര മേള എം.ഇ.എസ്.എച്ച്.എസ്.എസിലുമാണ് നടന്നത്.
പരിസ്ഥിതി സൗഹൃദ ശാസ്ത്രോത്സവം
മണ്ണാർക്കാട്: ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്ത്രോത്സവം എന്ന പ്രത്യേകതയോടുകൂടി ശ്രദ്ധയാകർഷിക്കുകയാണ് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലും എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലുമായി നടക്കുന്ന പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള. മണ്ണാർക്കാട് നഗരസഭ ഹരിത കർമ്മസേന റെഡ്ക്രോസ്, എൻ.എസ്.എസ്, ഗൈഡ്സ് വളണ്ടിയർമാരുടെ സഹായത്താൽ പ്രത്യേക ഹരിത കർമ്മ സേനയും രൂപീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ കൗണ്ടറുകളാണ് വേദിയിലുള്ളത്. ചപ്പുചവറുകൾ ഇടേണ്ട കുട്ട മുള കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. പ്രചരണബോർഡുകൾ ഒന്നും ഫ്ലക്സിലല്ല. പകരം തുണി ഉപയോഗിച്ചിരിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ സംബന്ധിച്ച സന്ദേശങ്ങൾ എഴുതിയ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണം ഒരുക്കുന്ന ഊട്ടുപുരയിലും വിളമ്പുന്ന സ്ഥലത്തും പ്ലാസ്റ്റിക്കിന് ഇടമില്ല. കുടിവെള്ളത്തിന് സ്റ്റീൽ ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. മണ്ണാർക്കാട് നഗര സഭയുടെയും ശുചിത്വ മിഷന്റെയും സഹായം ഇതിനായി ലഭിക്കുന്നുണ്ട്. ഹരിത പെരുമാറ്റചട്ട ബോധവത്കരണവും സംഘടിപ്പിച്ചിട്ടുണ്ട്.
പന്തൽ തകർന്ന് വീണു
മണ്ണാർക്കാട്: ജില്ലാ ശാസ്ത്ര മേളയ്ക്കിടെ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെ പന്തൽ തകർന്ന് വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |