പാലക്കാട്: ഫുട്ബാൾ ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന വൺ മില്യൺ ഗോൾ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വൺ മില്യൺ ഗോൾ പദ്ധതി ബ്രാൻഡ് അംബാസഡറായ സന്തോഷ് ട്രോഫി താരം അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി.
ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ 10നും 12നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗ ഭേദമെന്യേ അടിസ്ഥാന ഫുട്ബാൾ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ കായിക യുവജനകാര്യാലയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് വൺ മില്യൺ ഗോൾ കാമ്പെയിൻ.
21വരെ വിവിധ ജില്ലകളിലെ 1000 കേന്ദ്രങ്ങളിൽ ഒരുലക്ഷം കുട്ടികൾക്ക് ദിവസം ഒരോ മണിക്കൂർ വീതം പത്ത് ദിവസത്തെ ഫുട്ബാൾ പരിശീലനം നൽകും. സമാപനത്തോട് അനുബന്ധിച്ച് നവംബർ 20ന് ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറുവരെയും നവംബർ 21ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും കുട്ടികളും കായിക പ്രേമികളും നാട്ടുകാരും ചേർന്ന് ഓരോ സെന്ററിലും കുറഞ്ഞത് ആയിരം ഗോളുകൾ സ്കോർ ചെയ്യും.
പരിപാടിയിൽ കെ.എസ്.എസ്.സി നോമിനി എം. രാമചന്ദ്രൻ, കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. ഹെൻട്രി, കെ.പി ജയപ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ തോമസ് ടി. കുരുവിള, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. ഉല്ലാസ്, സ്പോർട്സ് ഓഫീസർ എം.കെ ആനന്ദം സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |