പാലക്കാട്: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ജില്ല ഓവറോൾ കിരീടം നേടിയതിന്റെ വിജയോത്സവം ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. 1383 പോയിന്റ് നേടിയാണ് ജില്ല കിരീടം നേടിയത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഐ.ടി മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലയിലെ സ്കൂളുകൾ കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ വാണിയംകുളം ടി.ആർ.കെ എച്ച്.എസ്.എസ് 100 പോയിന്റുമായി എട്ടാം സ്ഥാനവും 89 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് പത്താം സ്ഥാനവും നേടി.
ജില്ലയിലെ സ്കൂളുകൾ 17 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 19 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 14 ഇനങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയോത്സവത്തിന്റെ ഭാഗമായി പി.എം.ജി എച്ച്.എസ്.എസ് പരിസരത്ത് നിന്ന് ഗവ. മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസ് വരെ വിദ്യാർത്ഥികളുടെ ഘോഷയാത്ര നടന്നു.
ചടങ്ങിൽ വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ ടി.ജയപ്രകാശ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ് കുമാർ, ശാസ്ത്രോത്സവം നോഡൽ ഓഫീസർ പി.തങ്കപ്പൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ആർ.മഹേഷ് കുമാർ, മോയൻ സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബിന്ദു, പ്രധാനാദ്ധ്യാപിക ഇന്ദു, ശാസ്ത്ര ക്ലബ് സെക്രട്ടറി ബിന്ദു, പ്രവർത്തി പരിചയം ജില്ലാ ക്ലബ്ല് സെക്രട്ടറി ശാന്തകുമാരൻ, ഗണിത ക്ലബ് ജില്ലാ സെക്രട്ടറി വിനോദ്കുമാർ, എസ്.എം.സി ചെയർമാൻ എസ്.ദാവൂദ്, പി.ടി.എ പ്രസിഡന്റ് ധന്യ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |