മലപ്പുറം: ജില്ലാ കുടുംബശ്രീ മിഷന് കീഴിൽ റെയിൻബോ തുണി സഞ്ചി നിർമ്മാണ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ സംരംഭകർക്കാവശ്യമായ തുണിസഞ്ചികൾ വിതരണം ചെയ്യാൻ ധാരണയായി. ജില്ലയിലെ 140 ജനകീയ ഹോട്ടലുകളിലേക്ക് പ്രതിദിനം ആവശ്യമായ 5,000 തുണി സഞ്ചികൾ റെയിൻബോയുടെ 94 യൂണിറ്റുകളിലായി കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കും. കുടുംബശ്രീയുടെ ഈ ഹരിത മുന്നേറ്റത്തിലൂടെ ജനകീയ ഹോട്ടലുകൾ വഴി ജില്ലയിൽ വിതരണം ചെയ്തിരുന്ന 1,400ഓളം പ്ലാസ്റ്റിക് കവറുകൾ തുണി സഞ്ചികൾക്ക് വഴി മാറും. കുടുംബശ്രീക്ക് കീഴിൽ സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത ആറ് കൺസോർഷ്യങ്ങളിൽ ഒന്നായ റെയിൻബോയിലെ തുണി നിർമ്മാണ തൊഴിലാളികളായ കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് കുടുംബശ്രീ ഈ കരാർ രൂപകൽപ്പന ചെയ്തത്. തുണി സഞ്ചികൾ അടുത്ത ഒരുവർഷം വാങ്ങിക്കുന്നതിന് സംരംഭങ്ങളുടെ ജില്ലാ പ്രോഗ്രാം മാനേജർ കെ.ടി ജിജുവിന്റെ സാന്നിദ്ധ്യത്തിൽ കൺസോർഷ്യങ്ങളുടെ പ്രസിഡന്റുമാരായ റസിയ, പി.സി റംല എന്നിവർ ചേർന്ന് കരാർ ഒപ്പിട്ടു തുണി സഞ്ചി കൈമാറി.
കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത്, ജില്ലാമിഷൻ ഒ.എസ്.എസ് വിനേഷ്, ജോയ് കുട്ടി, ഗാലക്സി സെക്രട്ടറി മീര സുരേഷ്, ട്രഷറർ പി.ഷീജ, ജോയിന്റ് സെക്രട്ടറി സി.അശ്വതി, റെയിൻബോ തുണി സഞ്ചി കൺസോർഷ്യം പ്രസിഡന്റ് റസിയ മാടശ്ശേരി, സെക്രട്ടറി സജ്ന ഹബീബ്, ട്രഷറർ ജുമൈലത്ത്, വൈസ് പ്രസിഡന്റ് നുസ്ല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |