ആലപ്പുഴ: വീടും പരിസരവും ശുചീകരിച്ചുള്ള ഷീ ഫ്രണ്ട്ലി ഹോം സർവീസ് ടീമിന്റെ ജൈത്രയാത്ര നാലാം വർഷത്തിലേക്ക്. ഏത് വീട്ടിൽ വന്നും മുറ്റം തൂക്കാനും, വീടിനകം ശുചീകരിക്കാനും തയാറുള്ള 12 അംഗ വനിതാസംഘമാണ് ഷീ ഫ്രണ്ട്ലി.
എത്ര പൊടിപിടിച്ച് കിടക്കുന്ന വീടായാലും മണിക്കൂറുകൾ കൊണ്ട് പുത്തൻ വീടിന് സമാനമായ വൃത്തിയിലാക്കി തരും സംഘം. പാത്രം കഴുകലും, തുണി കഴുകലും തൽക്കാലം ഏറ്റെടുത്തിട്ടില്ല. ഉയരത്തിൽ കയറി ഫാൻ വൃത്തിയാക്കാനോ, തറ തുടയ്ക്കാനോ, എന്തിനും തയ്യാർ. വിവാഹ വീടുകളിലും മരണ വീടുകളിലുമാണ് കൂടുതൽ ബുക്കിംഗ് ലഭിക്കാറുള്ളത്. ആദ്യ രണ്ട് മണിക്കൂറിന് 200 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതവുമായിരുന്നു തുടക്കകാലത്ത് ചാർജ്ജ് ഈടാക്കിയിരുന്നത്. വൃത്തിയാക്കാൻ ചെല്ലുന്ന പല വീടുകളിലും അംഗങ്ങൾക്ക് കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതി വന്നതോടെ, ബാങ്ക് ഇടപെട്ട് പ്രതിദിന വേതനം 750രൂപയും, 50 രൂപ വാഹനക്കൂലിയും എന്ന തരത്തിൽ ഉയർത്തി.
വീട് വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കുമ്പോൾ, എറ്റവുമധികം സമയം ചെലവാകുന്നത് അടുക്കള ശുചീകരണത്തിനാണെന്ന് ഷീ ഫ്രണ്ട്ലി അംഗങ്ങൾ പറയുന്നു. ഇരുനില വീടുകളിലാണ് കൂടുതലും ബുക്കിംഗ് ലഭിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവൃത്തി സമയമെങ്കിലും, ജോലി പൂർണമായും പൂർത്തിയായ ശേഷമേ ടീം വീട് വിടാറുള്ളൂ. സാധാരണ രണ്ടംഗ സംഘമാണ് ഒരു വീട്ടിലെത്തുന്നത്. കല്യാണ ചടങ്ങുകളടക്കമുള്ള വീടുകളിൽ കൂടുതൽപ്പേർ വേണമെന്ന് വീട്ടുകാർ ആവശ്യപ്പെടുന്ന മുറയ്ക്കെത്തി ജോലി ചെയ്ത് നൽകാറുണ്ട്. ശുചീകരണത്തിനൊപ്പം, വീടുകളിലെ വയോധികർക്കും, രോഗികൾക്കും കൂട്ടിരിക്കാനും ഷീ ഫ്രണ്ട്ലി സമയം കണ്ടെത്താറുണ്ട്. ആലപ്പുഴയ്ക്ക് പുറമേ എറണാകുളം ജില്ലയിലും ജോലി ലഭിക്കുന്നുണ്ടെന്ന് ടീമംഗങ്ങൾ പറയുന്നു.
വനിതാ ശാക്തീകരണത്തിന്റെ മാതൃകയായി ഷീ ഫ്രണ്ട്ലി
മുറ്റം തൂക്കാനും വീടിനകം ശുചീകരിക്കാനുമുള്ള വനിതാ സംഘം
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ സംരംഭം
തുടങ്ങിയത് 2019ലെ ഓണക്കാലം മുതൽ
വിവാഹ വീടുകളിലും, മരണവീടുകളിലുമാണ് കൂടുതൽ ബുക്കിംഗ്
പുത്തൻ യൂണിഫോമിൽ വരും
പച്ച ടോപ്പ്, പിങ്ക് ഓവർകോട്ട്, കറുപ്പ് പാന്റ് എന്നതാണ് ഷീ ഫ്രണ്ട്ലി ടീമിന്റെ യൂണിഫോം. നാല് വർഷങ്ങൾ പിന്നിട്ടതിനാൽ പുത്തൻ മോഡൽ യൂണിഫോമിലേക്ക് മാറാനുള്ള ആലോചനയിലാണ് ബാങ്കും സംഘവും. യൂണിഫോമും, ശുചീകരണ ഉപകരണങ്ങളും വാങ്ങാൻ ബാങ്കിൽ നിന്ന് സംഘത്തിന് 50,000 രൂപ വായ്പ അനുവദിച്ചിരുന്നു.
ബുക്കിംഗിന്: 94474 63668
നിരക്ക് : ഒരാൾക്ക് 750 രൂപ + 50 രൂപ വാഹനക്കൂലി
ഒരു വീട്ടിലെ ജോലി പൂർത്തിയാകുമ്പോഴേക്കും, അത് കണ്ട് അടുത്ത ബുക്കിംഗ് ലഭിക്കാറുണ്ട്. മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും
- ടി.സി.സിന്ധു, ജോയിന്റ് കൺവീനർ, ഷീ ഫ്രണ്ട്ലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |