പാലക്കാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുത്തനെ കൂടിയതിനാൽ പാൽവില വർദ്ധിപ്പിച്ചതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമായി ക്ഷീരകർഷകർ. പരിഹാരമായി കാലിത്തീറ്റ വിപണി സർക്കാർ നേരിട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് വിവിധ കർഷക സംഘടനകൾ.
പാലിന് ആറു രൂപയാണ് കൂടിയത്. ഇതിൽ അഞ്ചുരൂപയോളം കർഷകർക്ക് നൽകാനും തുടങ്ങി. ക്ഷീര കർഷകരുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം. പക്ഷേ, ഇതിന്റെ മെച്ചമൊന്നും കർഷകർക്ക് കിട്ടുന്നില്ല. കാലിത്തീറ്റയുടെ പൊള്ളുന്ന വിലയാണ് കാരണം. പാൽ വില കൂടുമെന്നറിഞ്ഞപ്പോഴേക്കും കേരള ഫീഡ്സും മിൽമയും ഉൾപ്പെടെയുള്ള കാലിത്തീറ്റ ഉല്പാദകർ 150 മുതൽ 250 രൂപവരെയാണ് 50 കിലോയുടെ ഓരോ ചാക്കിനും കൂട്ടിയത്. ഇതോടെ കിട്ടുന്ന അധിക പണം കാലീതീറ്റയ്ക്കും അനുബന്ധ ഉല്പന്നങ്ങൾക്കും നൽകേണ്ട ഗതികേടിലാണ് കർഷകർ.
സർക്കാർ ഇടപെടണം
നിലവിൽ ഒരു ലിറ്റർ പാലിന് 45 രൂപയുടെ ചെലവുണ്ടെങ്കിലും 35 രൂപയാണ് ക്ഷീരകർഷകന് ലഭിക്കുന്നത്. വില വർദ്ധന നിയന്ത്രിച്ചില്ലെങ്കിൽ പശു വളർത്തൽ ഇനിയും തുടരാൻ കഴിയാത്ത സാഹചര്യമാണ്. 2019 മുതൽ 2022വരെ കാലിത്തീറ്റയ്ക്ക് നാലുതവണയാണ് വില വർദ്ധിച്ചത്. 2019ൽ 50 കിലോയുടെ ചാക്കിന് 1050 രൂപയാണെങ്കിൽ ഇപ്പോൾ 1400നും 1500നും ഇടയിലാണ്. കേരളപ്പിറവി ദിനത്തിൽ മിൽമയുടെ ഗോമതി ഗോൾഡ് വില 1370ൽ നിന്ന് 1550ഉം ഗോമതി റിച്ച് 1240ൽ നിന്ന് 1400ഉം ആയി കുത്തനെ വർദ്ധിപ്പിച്ചു.
ഇൻഷ്വറൻസ് പുനഃസ്ഥാപിക്കണം
നേരത്തെ കാലികൾക്ക് സർക്കാർ ഇൻഷ്വറൻസ് പരിരക്ഷ നൽകിയിരുന്നു. ഇതും ഇപ്പോഴില്ല. വർഷം തോറും ഓരോ കാലികൾക്കും 3000ത്തിലധികം രൂപയാണ് ഇതിനായി കർഷകൻ മുടക്കേണ്ടി വരുന്നത്. കാലിത്തീറ്റ വില നിയന്ത്രിച്ചും ഇൻഷ്വറൻസ് പരിരക്ഷ പുനഃസ്ഥാപിച്ചും നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതുന്നയിച്ച് വിവിധ കർഷക സംഘടനകൾ ഉടൻ വകുപ്പ് മന്ത്രിയെ സമീപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |