SignIn
Kerala Kaumudi Online
Monday, 04 March 2024 6.58 AM IST

കായിക കൗമാരത്തിന്റെ കുതിപ്പും കിതപ്പും

2022ലെ കായിക കേരളത്തിന്റെ കൗമാര കുതിപ്പ് ഫിനിഷിംഗ് ലൈൻ തൊട്ടിരിക്കുന്നു. കണ്ണൂരിൽ ചാമ്പ്യന്മാരായ പാലക്കാട് ജില്ല അനന്തപുരിയിലും കായികകിരീടം നിലനിറുത്തിയപ്പോൾ സ്‌കൂളുകളിൽ പുതിയ അവകാശികളുടെ പിറവിക്കാണ് മേള സാക്ഷ്യംവഹിച്ചത്.

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് അനന്തപുരിയിൽ കൊടിയിറങ്ങിയപ്പോൾ പ്രതീക്ഷകളോളം തന്നെ ആശങ്കകളുമേറെയാണ്. ട്രാക്കിലും ഫീൽഡിലുമായി വെന്നിക്കൊടി പാറിച്ച ഒരുപിടി പ്രതിഭകൾ കായിക കേരളത്തിന്റെ പ്രതീക്ഷകളാണ്. ദേശീയതലത്തിലും ഏഷ്യൻ മീറ്റുകളിലും ഒളിംപിക്സിലും വരെ വിജയപതാക പാറിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയും. കേരളത്തിന്റെ കായിക ഭൂപടത്തിൽ ഏറെ പിന്നിലായിരുന്ന ജില്ലകളുടെ മുന്നിലേക്കുള്ള പ്രയാണവും പുതിയ സ്‌കൂളുകൾ ഉയർന്നുവരുന്നതും ഈ മേളയെ വേറിട്ടതാക്കി. ആ അർത്ഥത്തിൽ മലപ്പുറം കടകശേരി ഇ.എം.എസ്.എസ് ഒരു പുതുപ്രതീക്ഷയാണ്. പക്ഷേ, നീണ്ടകാലം ശക്തികേന്ദ്രങ്ങളായിരുന്നവർ അപ്രതീക്ഷിതമായി പിന്നാക്കം പോയത് എന്തെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതുതന്നെയാണ് ഈ മേള നൽകുന്ന പ്രധാന ആശങ്ക.

റെക്കാർഡ് വരൾച്ച

ഏറ്റവും കുറവ് റെക്കാർഡുകൾ പിറന്ന സ്‌കൂൾ മീറ്റാണിത്. രാത്രിയും പകലുമായി ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ മേളയിൽ ആകെ നടന്ന 98 ഇനങ്ങളിൽ പഴങ്കഥയാക്കപ്പെട്ടത് ആറ് റെക്കാർഡുകൾ മാത്രം. അതിൽ അഞ്ചും ത്രോ ഇനങ്ങളിലായിരുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ട്രാക്ക് ഇനങ്ങളിൽ ഒരു റെക്കോർഡ് പോലും പിറന്നില്ലെന്നത് അമ്പരപ്പിച്ചു. സ്‌കൂൾ മീറ്റിൽ സാധാരണ പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലക്കാരാണ് ഇത്തവണ ഫീൽഡിൽ നാലു റെക്കോർഡുകൾ തിരുത്തിയത്. കാസർകോട് ചെറുവത്തൂർ കെ.സി ത്രോസ് അക്കാഡമി പുതിയ വിപ്ലവം സൃഷ്ടിച്ചു. നാലു റെക്കോർഡും നേടിയത് ഇവിടുത്തെ കുട്ടികൾ. മൂന്നു ഡബിൾ അടക്കം ഏഴു സ്വർണവും ഒരു വെള്ളിയുമാണ് അവർ കൊയ്തത്. ജൂനിയർ ഷോട്പുട്ടിൽ ദേശീയ റെക്കോഡിനെയും സംസ്ഥാന മീറ്റിലെ സീനിയർ റെക്കോഡിനെയും പിന്നിലാക്കിയ വി.എസ്.അനുപ്രിയയുടെ പ്രകടനമാണ് ഇതിലേറ്റവും മികവുറ്റത്.

ട്രാക്കിലെ പ്രകടനങ്ങളുടെ നിലവാരത്തകർച്ച തീർച്ചയായും വിമർശനാത്മകമായി വിശകലനം ചെയ്യേണ്ടതുണ്ട്. തൊട്ടു മുമ്പ് നടന്ന ദേശീയ അത്‌ലറ്റിക്സിൽ കേരളം പതറുന്നത് നാം കണ്ടതാണ്. ഹരിയാനയും മഹാരാഷ്ട്രയും തമിഴ്നാടുമെല്ലാം നടത്തുന്ന മുന്നേറ്റങ്ങളും നാം കണ്ടു. പഴയ പ്രതാപത്തിലേക്ക് കേരളം തിരികെയെത്തണം. അതിന് സ്‌കൂൾ മേളകളിൽ പിറവിയെടുക്കുന്ന കുരുന്നു പ്രതിഭകൾക്കു വിദഗ്ദ്ധപരിശീലനം ഉറപ്പാക്കി, രാജ്യാന്തര നിലവാരത്തിൽ വളർത്തിയെടുക്കാൻ സർക്കാർ ശ്രമിക്കണം.

പിന്തുണയ്ക്കുമോ

സർക്കാരേ ?​

ആറുപതിറ്റാണ്ടിലേറെയായി കായിക കേരളം ആഘോഷിക്കുന്ന ഉത്സവമാണ് സ്‌കൂൾ കായികമേള. ദേശീയ തലത്തിൽ തിളങ്ങിയ ഒട്ടേറെ താരങ്ങൾക്ക് ആദ്യവേദിയായ ട്രാക്കുകളാണ് മേളയുടേത്. ക്രിക്കറ്റോ ഫുട്ബാളോ പോലെ ഗ്ലാമർ ഇനമല്ല അത്‌ലറ്റിക്സ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളിൽ പരിശീലിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവ് തെളിയിക്കുന്ന കുട്ടികളുടെ നേട്ടങ്ങൾക്ക് പത്തരമാറ്റ് തിളക്കമുണ്ട്. ഓരോ കായികമേള കഴിയുമ്പോഴും ഇല്ലായ്മകളുടെ ഒട്ടേറെ ചിത്രങ്ങൾ തെളിയാറുണ്ട്. താമസിക്കാൻ സുരക്ഷിതമായ വീടില്ലാത്ത, കഴിക്കാൻ നല്ല ഭക്ഷണമില്ലാത്ത, പരിശീലിക്കാൻ നല്ല ഇടങ്ങളില്ലാത്ത കുട്ടികൾ ട്രാക്കിൽ വേഗതയുടേയും ഉയരങ്ങളുടേയും പുതിയ റെക്കോഡുകൾ കുറിക്കുന്നത് അമ്പരപ്പോടെ മാത്രമേ കാണാനാകൂ.
കായികതാരങ്ങളുടെ വളർച്ചയ്ക്ക് സർക്കാർ നൽകുന്ന സഹായങ്ങൾ പരിമിതമാണ്. മികച്ച പരിശീലന ഉപകരണങ്ങളില്ലാതെയാണ് പലരും പരിശീലനം നടത്തുന്നത്. സ്‌പോർട്സ് സ്‌കൂളുകളിലെ പരിമിതമായ അടിസ്ഥാന സൗകര്യവും ഭക്ഷണവുമാണ് ഇവർക്ക് ലഭിക്കുന്ന ആകെയുള്ള സഹായം. ക്രിക്കറ്റിനും ഫുട്ബാളിനും സ്വകാര്യ മേഖലയിൽ നിന്ന് ലഭിക്കുന്ന സഹായവും പിന്തുണയും ഇന്നും അത്‌ലറ്റിക്സിന് ലഭിക്കുന്നില്ല. ട്രാക്കിൽ മികവു പുലർത്തുന്ന കുട്ടികൾ പലരും വ്യക്തിപരമായ മികവിന്റെയും പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ഇച്ഛാശക്തിയുടേയും ബലത്തിൽ വിജയക്കൊടി വീശിയവരാണ്.
സ്‌കൂൾ കായികമേളകളിൽ ശോഭിക്കുന്നവരിലേറെയും ഗ്രാമീണ വിദ്യാലയങ്ങളിൽ നിന്നെത്തുന്നവരാണ്. മലയോര മേഖലകളിലെയും ഉൾനാടൻ ഗ്രാമങ്ങളിലേയും നാട്ടുപാതകളിലൂടെ ഓടിത്തഴമ്പിച്ച കാലുകളുമായാണ് അവർ സിന്തറ്റിക് ട്രാക്കുകളിൽ മത്സരിക്കാനെത്തുന്നത്. കേരളത്തിന്റെ കായികരംഗത്തെ ഇല്ലായ്മകളുടെ യഥാർത്ഥ ചിത്രം കൂടിയാണ് സംസ്ഥാന സ്‌കൂൾ കായികമേളകളിൽ കാണുന്നത്.
ഓരോ സംസ്ഥാനമേള അവസാനിക്കുമ്പോഴും പരാധീനതകളുടെ ഇത്തരമൊരുപാട് കഥകൾ പുറത്തു വരാറുണ്ട്. കായികരംഗത്ത് കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇനിയുമേറെ നടക്കേണ്ടതുണ്ട് എന്നാണ് ഈ കഥകളെല്ലാം ഒരുപോലെ പറഞ്ഞുവയ്ക്കുന്നത്. മികച്ച ട്രാക്കുകൾ, പരിശീലകർ, ഭക്ഷണം, ഉപകരണങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുങ്ങേണ്ടതുണ്ട്. അതിന് സർക്കാർ തയ്യാറാവുമെന്നാണ് പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.