തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനൽ സെക്രട്ടറി വി. ചാമുണ്ണി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തുകയും വൻതോതിൽ കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ നിരവധി മനുഷ്യജീവനുകളാണ് വന്യജീവികളുടെ ആക്രമണം മൂലം നഷ്ടപ്പെട്ടത്. സമീപകാലത്ത് ഇവയുടെ കടന്നാക്രമങ്ങൾ ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. ആവാസ കേന്ദ്രങ്ങളിൽ തീറ്റയും വെള്ളവും ലഭിക്കാത്തതും ഓരോ ഹോം ഏരിയായിലും അനുവദനീയമായതിനേക്കാൾ കൂടുതൽ ജീവികൾ പെറ്റു പെരുകിയതും കാട്ടിൽ നിന്നും ജീവികൾ നാട്ടിലേക്കിറങ്ങാൻ കാരണമാകുന്നു. വന്യജീവികൾക്കാവശ്യമായ ജീവിത സൗകര്യം ഒരുക്കി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ആവാസ കേന്ദ്രങ്ങളിൽ അനിയന്ത്രിതമായി പെരുകുന്ന മൃഗങ്ങളെ പിടിച്ചു നാടു കയറ്റിവിടുകയോ അവയെ വധിച്ച് ജനങ്ങൾക്കുണ്ടാകുന്ന അസഹനീയമായ ശല്യം അടിയന്തരമായി ഒഴിവാക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |