SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

നെല്ല് സംഭരണം പ്രശ്ന പരിഹാരം അകലെ.... മില്ലുകാരുടെ വിളച്ചിൽ, പതിരാകും അദ്ധ്വാനം

ss

കോട്ടയം : കൊയ്‌ത്ത് കഴിഞ്ഞ് മൂന്നാഴ്ചയായിട്ടും നെല്ല് സംഭരിക്കാതെ 'കിഴിവിന്റെ' പേരിൽ കർഷകരെ പിഴിയാൻ സ്വകാര്യ മില്ലുടമകൾ. പതിര് കൂടുതലായതിനാൽ 25 കിലോ കിഴിവ് വരെയാണ് ആവശ്യം. അപ്പർകുട്ടനാടൻ മേഖലയായ കോട്ടയത്ത് പല പ്രദേശങ്ങളിലും പുഞ്ച കൊയ്‌ത്ത് സജീവമാണ്. നെല്ല് സംഭരിക്കാൻ സ്വകാര്യമില്ലുകൾ എത്തിയെങ്കിലും പതിര് കൂടുതലെന്ന് പറഞ്ഞ് പിൻവാങ്ങി. പതിര് മാറ്റിക്കൊടുത്ത നെല്ലിന്റെ സാമ്പിളുമായി പോയ മില്ലുകാരെ പിന്നെ കാണാനേയില്ല. 210 ഏക്കറോളം വരുന്ന മധുരവേലി പടിഞ്ഞാറേ പാടശേഖരം, 120 ഏക്കറുള്ള തലയോലപ്പറമ്പ് വടക്കേ പുതുശേരി പാടശേഖരം, 80 ഏക്കറള്ള നടുകരിയിലും, 94 ഏക്കറുള്ള കോലത്താറിലും കൊയ്‌ത്തായി. നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് കോട്ടയത്ത് പാഡി ഓഫീസിലേക്ക് നെല്ലുമായി സമരത്തിനിറങ്ങുകയാണ്. 250 ഓളം കർഷകരുടെ 500 ടണ്ണോളം നെല്ല് വേനൽ മഴയിൽ നശിക്കാതിരിക്കാൻ പാടത്തു നിന്ന് കരയ്‌ക്കെത്തിച്ച് ഉണക്കി പതിരു മാറ്റി കാത്തിരുന്നു മടുത്തതോടെയാണ് കർഷകർ സമരത്തിനിറങ്ങുന്നത്.

തോന്നുംപടി കിഴിവ്, ആര് ചോദിക്കാൻ

നെല്ല് സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശവും കാറ്റിൽപ്പറത്തുകയാണ്.

സാമ്പിൾ പരിശോധനയിൽ നെല്ലിന് കേട് സംഭവിച്ചതിനാൽ വേണ്ടെന്നറിയിച്ച് കത്ത് നൽകിയെന്നാണ് പാഡി ഓഫീസർ പറയുന്നത്. കിഴിവ് എത്രയെന്ന ചോദ്യത്തിന് സാമ്പിൾ ഫലം വന്ന ശേഷം പറയാമെന്നാണ് നിലപാട്.

പരമാവധി പത്തുവരെയായിരുന്നു കൂടിയ കിഴിവ്. സർക്കാർ ഇടപെട്ട് അഞ്ചിൽ താഴെയാക്കിയെങ്കിലും മില്ലുകാർ തോന്നുന്ന കിഴിവ് ആവശ്യപ്പെടും. നെല്ല് നശിക്കാതിരിക്കാൻ കർഷകർ ഇത് അംഗീകരിക്കാൻ നിർബന്ധിതരാകും.

സർക്കാർ ഇടപെടണം
കൂടുതൽ മില്ലുകളെ ഉൾപ്പെടുത്തി സംഭരണം വേഗത്തിലാക്കണം
കിഴിവിന്റെ പേരിൽ നെല്ല് സംഭരണം വൈകിപ്പിക്കുന്നത് തടയണം
ഇടമഴ ലഭിക്കാതിരുന്നത് വിളവിനെ ദോഷകരമായി ബാധിച്ചു
ഇത്തവണ മഴ കുറഞ്ഞതും ചൂട് കൂടിയതും വില്ലനായി

''നെല്ല് സംഭരണ നടപടി വേഗത്തിലാക്കും. മില്ലുകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നെന്ന പരാതി പരിഹരിക്കും.നെല്ലിന്റെ സാമ്പിൾ പരിശോധിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കിഴിവ് നിശ്ചയിക്കും. 1300 കോടി കേന്ദ്ര കുടിശിക ലഭിക്കാനുള്ളതിനാലാണ് കർഷകർക്കുള്ള പണം വൈകുന്നത്.

ജി.ആർ.അനിൽ, മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL