SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

മണിക്കൂറുകൾക്കകം നഗരം ക്ലീൻ

 ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മേയർ


തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ജനസഹസ്രങ്ങൾ മടങ്ങിയ ഉടൻ, നഗരം അതിവേഗം ശുചിയാക്കുന്ന പതിവ് ഇക്കുറിയും സമയബന്ധിതമായി നടന്നു. പ്രധാന റോഡുകൾ ആദ്യവും മറ്റിടങ്ങൾ തുടർന്നും ശുചീകരിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ വി.വി.രാജേഷ് നിർവഹിച്ചു.ശുചീകരണ ജോലികൾക്ക് മേയർക്കൊപ്പം ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

കോർപ്പറേഷന്റെ പതിവ് ശുചീകരണ ജോലികൾ നിർവഹിക്കുന്നവർക്ക് പുറമെ 3500 തൊഴിലാളികളെ അധികം നിയമിച്ചിരുന്നു. 2.15ന് നിവേദ്യം കഴിഞ്ഞ് ഭക്തർ മടങ്ങിത്തുടങ്ങിയ ഉടൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണത്തൊഴിലാളികൾ രംഗത്തിറങ്ങുകയായിരുന്നു.ചപ്പുചവറുകൾ കൊണ്ടുപോകാനുള്ള വാഹനങ്ങൾ ഉച്ചയോടെ തന്നെ വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കി നിറുത്തിയിരുന്നു. പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ആദ്യം വാഹനങ്ങളിൽ ശേഖരിച്ചു. ചിലയിടങ്ങളിൽ പ്രദേശവാസികൾ കല്ലുകൾ ആവശ്യപ്പെട്ട് വന്നു.ഇവരെ എടുക്കാൻ അനുവദിച്ചു. കോർപ്പറേഷൻ ശേഖരിച്ച കല്ലുകൾ വീട് നിർമാണം പൂർത്തിയാക്കുന്നതിന് ആവശ്യമുള്ളവർക്ക് നൽകാനാണ് തീരുമാനമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.ഗോപൻ പറഞ്ഞു.ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി റോഡ് കഴുകി വൃത്തിയാക്കൽ,സെക്രട്ടേറിയറ്റ് പരിസരത്തു നിന്ന് രാത്രി 8.15ഓടെ ആരംഭിച്ചു.സ്റ്റാച്യുവിൽ നിന്നാരംഭിച്ച് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് കിഴക്കേകോട്ട മുതൽ കവടിയാർ വരെയുള്ള റോഡാണ് കഴുകി വൃത്തിയാക്കിയത്.കുടിക്കാൻ അനുയോജ്യമല്ലാത്ത നിർമ്മാണങ്ങൾക്ക് ഉപയോഗിക്കുന്ന രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് നഗരം കഴുകിയത്.ടാങ്കറുകൾ ഉൾപ്പെടെ 30ൽ അധികം വാഹനങ്ങൾ ഇതിനായി ഉപയോഗിച്ചു. അർദ്ധരാത്രിക്ക് മുൻപ് നഗരം പഴയപടിയായി.പൊങ്കാല ഇടാനെത്തിയവരുടെ വലിയ തിരക്കനുഭവപ്പെട്ട പേട്ടയിലും സമീപ മേഖലകളിലും യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ശുചീകരണം. ഹെൽത്ത് ഇൻസ്‌പെക്ടർ അരുണിമ ഈ പ്രദേശങ്ങളിൽ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL