SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ഖമനേയി കൊല്ലപ്പെട്ടു, ആളിക്കത്തി ആക്രമണം; ഇറാനിലെ ആക്രമണത്തിൽ 200ലേറെ മരണം 

iran

ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി (86) ഉൾപ്പെടെയുള്ള പ്രമുഖർ യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, ഇറാന്റെ പ്രതികാരം ചുറ്റുവട്ടത്തെ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിഞ്ഞു.

അമേരിക്കയുടെ സൈനിക താവളങ്ങളുള്ള ഗൾഫ് രാഷ്ട്രങ്ങളിലേക്കാണ് മിസൈൽ ആക്രമണം. ഇതോടെ പശ്ചിമേഷ്യയിൽ അതീവ സങ്കീർണമായ യുദ്ധാന്തരീക്ഷം. മലയാളികൾ അടക്കം ലക്ഷക്കണക്കിന് പൗരൻമാർ തൊഴിലെടുക്കുന്ന ഗൾഫ് രാജ്യങ്ങൾ ആക്രമണത്തിനിരയാവുന്നതിൽ ഇന്ത്യയ്ക്കും കടുത്ത ആശങ്ക. വ്യോമഗതാഗതം നിശ്ചലം. ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്നു. ഇന്നലെ 1,500ലേറെ സർവീസുകൾ റദ്ദാക്കി.

ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.

ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ, ജോർദ്ദാൻ, ഇറാക്ക് എന്നിവിടങ്ങളിലായി 27 യു.എസ് ബേസുകൾ ആക്രമിച്ചെന്ന് ഇറാൻ.

മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. ചബഹാർ തുറമുഖത്തിന് സമീപത്തും മറ്റുമായി ഇറാന്റെ 9 യുദ്ധക്കപ്പലുകൾ യു.എസ് മുക്കി. അതിനിടെ, ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ ഒമാനെ അറിയിച്ചു. യു.എസും ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഇറാനിൽ മൂന്നംഗ ഭരണ സമിതി
ഇറാനിൽ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തിലെ മൂന്നംഗ താത്കാലിക സമിതി അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഗോലാം ഹുസൈൻ മൊഹ്സെനി എജെയ്, മുതിർന്ന പുരോഹിതനും ഖമനേയിയുടെ അടുത്ത അനുയായിയുമായ അലിറേസ അറാഫിയുമാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഖമനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കും വരെ സമിതിക്കാണ് രാജ്യത്തിന്റെ ചുമതല. ഉടൻ തിരഞ്ഞെടുക്കുമെന്നാണ് സൂചന. അലിറേസയ്ക്കും ഖമനേയിയുടെ മകൻ രണ്ടാമത്തെ മകൻ സയ്യദ് മൊജ്തബാ ഹുസൈനിയ്ക്കും സാദ്ധ്യതയേറെയാണ്. ഖമനേയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.


 ഇറാനിൽ ഉഗ്രസ്ഫോടനം 200ലേറെ മരണം

ആക്രമണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലടക്കം ഇസ്രയേൽ ഉഗ്ര സ്ഫോടനങ്ങൾ നടത്തി. തബ്രിസിൽ ഇറാൻ വ്യോമസേനയുടെ രണ്ട് എഫ്-4, എഫ് - 5 ജെറ്റുകളും തകർത്തു. 153 കുട്ടികൾ അടക്കം ഇറാനിൽ ഇതുവരെ 200ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. 750ലേറെ പേർക്ക് പരിക്കേറ്റു. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവർ 11 ആയി. ബെയ്റ്റ് ഷെമേഷിൽ മിസൈൽ കെട്ടിടത്തിൽ പതിച്ച് എട്ടുപേരും ടെൽ അവീവിൽ ഒരാളും മരിച്ചു. 450 ലേറെ പേർക്ക് പരിക്കേറ്റു.

ഗൾഫ് രാജ്യങ്ങളിലെ കെടുതി
 ബഹ്റൈനിൽ മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ മിസൈൽ പതിച്ചു. ഒമാനിലെ ദുഖം തുറമുഖത്തും ഖത്തറിലെ ദോഹയിലും ഡോൺ ആക്രമണം

 യു.എ.ഇയെ ലക്ഷ്യമാക്കിയത് 167 മിസൈലും 541 ഡ്രോണുകളും.

അബുദാബിയിൽ വ്യവസായ മേഖലയും സയ്യീദ് പോർട്ട് മേഖലയും ആക്രമിച്ചു.എത്തിഹാദ് ടവറിൽ ഡ്രോൺ അവശിഷ്ടം പതിച്ച് സ്ത്രീയ്ക്കും കുഞ്ഞിനും പരിക്ക്. ദുബായിൽ ബുർജ് അൽ അറബ് ഹോട്ടൽ, ജബൽ അലി പോർട്ട് മേഖലയിൽ സ്ഫോടനങ്ങൾ.

 അബുദാബി അൽ - സലാം നേവൽ ബേസിന്റെ വെയർഹൗസിൽ ഡ്രോൺ ആക്രമണത്തിൽ തീപിടിത്തം. ആളപായമില്ല.

 കുവൈറ്റിൽ പതിച്ചത് 97 ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും

മരണം

യു.എ.ഇ - 3

കുവൈറ്റ് - 1

സിറിയ - 5


പരിക്ക്
യു.എ.ഇ - 58

കുവൈറ്റ് - 32

ഖത്തർ - 16

ബഹ്റൈൻ - 4

ഒമാൻ - 1

---------------------------

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360