SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 PM IST

നരേന്ദ്ര മോദി നോർവേയിൽ: ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം

pic


 നോർവേ, സ്വിറ്റ്‌സർലൻഡ്, ഐസ്‌ലൻഡ്, ലിക്‌റ്റൻ‌സ്റ്റൈൻ സംയുക്ത പദ്ധതി
 15 വർഷത്തിനുള്ളിൽ പൂർത്തിയാക്കും
 10 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യം

ഓസ്‌ലോ: ഇന്ത്യയിൽ ബിസിനസ്,സാങ്കേതികവിദ്യ,ഹരിത ഊർജ്ജ മേഖലകളിലായി 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് നോർവേ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ വേളയിലാണ് നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറിന്റെ പ്രഖ്യാപനം. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി (ഇ.എഫ്.ടി.എ) ഇന്ത്യ നേരത്തെ ഒപ്പിട്ട വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമാണ് നിക്ഷേപം. ഈ കരാർ കഴിഞ്ഞ ഒക്ടോബറിൽ പ്രാബല്യത്തിൽ വന്നിരുന്നു. സ്വിറ്റ്‌സർലൻഡ്, ഐസ്‌ലൻഡ്, ലിക്‌റ്റൻ‌സ്റ്റൈൻ എന്നീ അംഗരാജ്യങ്ങൾക്കൊപ്പം സംയുക്തമായാണ് നോർവേ നിക്ഷേപം നടത്തുക.

അടുത്ത 15 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചട്ടക്കൂട് പ്രകാരം കൂടുതൽ സംഭാവന നൽകുക നോർവേയാണ്. നേരിട്ടുള്ള 10 ലക്ഷം തൊഴിലവസരങ്ങൾ നിക്ഷേപത്തിലൂടെ സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയും നോർവേയും നയതന്ത്ര ബന്ധത്തിന്റെ സുവർണ യുഗത്തിലേക്ക് കടക്കുകയാണെന്ന് ഗാർ സ്റ്റോറുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി മോദി പറഞ്ഞു. സ്വീഡൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ് ഓസ്‌ലോയിലെത്തിയ മോദിയെ ഗാർ സ്റ്റോർ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇന്ത്യൻ വംശജരുടെ ഊഷ്മള വരവേൽപ്പും ഒരുക്കി. ഹെറാൾഡ് അഞ്ചാമൻ രാജാവുമായും സോണ്യ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി,നോർവീജിയൻ സർക്കാരിന്റെ ഔദ്യോഗിക വിരുന്നിലും പങ്കെടുത്തു. ഇന്ന് ഗാർ സ്റ്റോർ അടക്കം അഞ്ച് നോർഡിക് പ്രധാനമന്ത്രിമാർക്കൊപ്പം ഓസ്‌ലോയിൽ മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ മോദി പങ്കെടുക്കും.


ഡിജിറ്റൽ ഇന്ത്യയ്ക്ക്

കരുത്തേകും


 ഇന്ത്യ-നോർവേ ഡിജിറ്റൽ വികസന പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ഡിജിറ്റൽ ഇന്ത്യ മിഷനെ പ്രോത്സാഹിപ്പിക്കും. ആരോഗ്യം,​ ടണൽ നിർമ്മാണം,​ സാങ്കേതിക വിദ്യ,​ ശാസ്ത്ര ഗവേഷണം,​ സമുദ്ര ഊർജ്ജം,​ സുസ്ഥിരത, ഭൗമശാസ്ത്രം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കാനുള്ള കരാറുകളിലും ഒപ്പിട്ടു

 ഇന്ത്യ-നോർവേ ബന്ധം 'തന്ത്രപരമായ ഹരിത പങ്കാളിത്തം' എന്ന തലത്തിലേക്ക് ഉയർത്തി. കാലാവസ്ഥാ വ്യതിയാനമടക്കം വിഷയങ്ങളിൽ സഹകരണം

 നോർവേ ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ ഭാഗമായി. സമുദ്ര സുരക്ഷയ്ക്ക് ഒന്നിച്ച് നീങ്ങും

 2030 ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കും

 മുൻ നിര അന്താരാഷ്ട്ര സമുദ്ര പ്രദർശന - സമ്മേളനമായ 'നോർ ഷിപ്പിംഗ് 2027' ൽ ഇന്ത്യ പങ്കെടുക്കും. കപ്പൽ നിർമ്മാണം, തുറമുഖ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ വിവര കൈമാറ്റങ്ങൾക്ക് മുതൽക്കൂട്ടാകും

പ്രധാനമന്ത്രിക്ക് നോർവേയുടെ

പരമോന്നത ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ' ദ ഗ്രാൻഡ് ക്രോസ് ഒഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഒഫ് മെറിറ്റ് ' നൽകി ആദരിച്ച് നോർവേ. നോർവീജിയൻ രാജാവ് ഹെറാൾഡ് അഞ്ചാമനും സോണ്യ രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബഹുമതി സമ്മാനിച്ചു. ഇന്ത്യ-നോർവെ ബന്ധത്തിന്റെ വളർച്ചയ്ക്ക് പ്രധാനമന്ത്രി നൽകിയ സംഭാവനയ്ക്കാണിത്. മോദിയ്ക്ക് ലഭിക്കുന്ന 32-ാമത്തെ ആഗോള ബഹുമതിയാണിത്. ബഹുമതി ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നതായി മോദി പറഞ്ഞു. 43 വർഷത്തിനിടെ ആദ്യമായി നോർവേ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360