പന്തളം: പൈപ്പുലൈൻ വലിച്ചിട്ടും കുരമ്പാല തെക്ക് കൊച്ചുതുണ്ടിൽ, നെല്ലിക്കാട്ട് നിവാസികളുടെ ദാഹം തീരുന്നില്ല. ജല അതോറിറ്റിയുടെ ടാപ്പുകൾ റോഡരികിൽ മാത്രമല്ല വീടുകളിലും നോക്കുകുത്തിയാവുകയാണ്. കുരമ്പാല തെക്ക് പെരുമ്പാലൂർ ക്ഷേത്രത്തിന് കിഴക്കുഭാഗം മുതൽ ആതിരമല കോളനി ഭാഗം വരെയുള്ള സ്ഥലത്താണ് നാട്ടുകാർ വെള്ളത്തിനായി ബുദ്ധിമുട്ടുന്നത്.
വെള്ളം കിട്ടാത്തതിനാലും കിണർ കുഴിച്ചാൽ പാറയായതിനാലും മിക്ക വീടുകളിലും കിണറില്ല. അധികം വീട്ടുകാരും പൊതു ടാപ്പുകളെയാണ് ആശ്രയിക്കുന്നത്. വരൾച്ച രൂക്ഷമായതോടെയാണ് ഉയർന്ന പ്രദേശമായ ഇവിടേക്ക് വെള്ളമെത്താത്തത്. കോളനിപ്രദേശത്തുള്ളവരും ഇക്കൂട്ടത്തിൽ ഉൽപ്പെടും. ഈ ഭാഗത്തുള്ളവർ മലയുടെ താഴെയുള്ള വീട്ടിലെ കിണറിൽ നിന്നുമാണ് വെള്ളംകോരിയെടുക്കുന്നത്. പലതവണ ജല അതോറിറ്റിയുടെ ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല. പന്തളം കുടിവെള്ള പദ്ധതിയിൽ നിന്ന് മുടക്കമില്ലാതെ പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തുമാത്രമാണ് പൈപ്പിൽ വെള്ളം ലഭിക്കാതിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായ ആതിരമലയിൽ 2020ലാണ് പ്രശ്നം പരിഹരിച്ചത്. ഇവിടെ മോട്ടോർവെച്ച് പമ്പിംഗ് നടത്തുന്നുണ്ട്. ഈ ഭാഗങ്ങളിൽ കൂടി കെ.ഐ.പി കനാലും ഇല്ല.
......................
ആതിരമലയിലേതുപോലെ ഇവിടെയുള്ള കുടുംബങ്ങൾക്കും വെള്ളം ലഭിക്കുവാനുള്ള പദ്ധതി ആരംഭിക്കണം.
(പ്രദേശവാസികൾ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |