ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇ.ഡിക്കും സി.ബി.ഐക്കും സുപ്രീംകോടതിയുടെ നോട്ടീസ്. 16 മാസത്തിലേറെയായി തീഹാർ ജയിലിൽ തുടരുന്ന സിസോദിയ മൂന്നാം തവണയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ 11ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സഞ്ജയ് കുമാർ പിന്മാറിയിരുന്നു. തുടർന്ന് ഇന്നലെ ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ 29ന് വീണ്ടും പരിഗണിക്കും. വിചാരണ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടു നീങ്ങുന്നതെന്ന് സിസോദിയയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. 2023 ഫെബ്രുവരി 26ന് സി.ബി.ഐയും മാർച്ച് 9ന് ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |