കോട്ടയം: വിപണിയിൽ ഉത്പന്ന ലഭ്യത കുറഞ്ഞതോടെ റബിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വില കുതിക്കുന്നു. കഴിഞ്ഞ വാരം ബാങ്കോക്കിൽ ആർ.എസ്.എസ് 4ന്റെ വില 184.65ൽ നിന്ന് 194. 86 രൂപയായി. ഇതോടെ ആഭ്യന്തര വിലയും ഉയർന്നു.
കഴിഞ്ഞ ജൂൺ 10നായിരുന്നു റബർ വില 200 കടന്നത്. ഒന്നര മാസത്തിനുള്ളിലാണ് വില 230ലേക്ക് ഉയർർന്നത്. മഴയിൽ ഉത്പാദനം കുറഞ്ഞതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയിൽ എത്തുന്നില്ല. അതിനാൽ വ്യാപാരികൾ 230 രൂപയിലധികം നൽകിയാണ് ഷീറ്റ് ശേഖരിക്കുന്നത്. മഴ തുടരുന്നതിനാൽ ഈ മാസം തന്നെ 240 രൂപയെന്ന റെക്കാഡ് വില റബർ മറികടന്നേക്കും.
നിലവിൽ റെയിൻ ഗാർഡ് ഘടിപ്പിച്ച തോട്ടങ്ങളിൽ മാത്രമാണ് ടാപ്പിംഗ്. റബർ പാലിന്റെ ഉത്പാദനം മെച്ചപ്പെട്ടുവെങ്കിലും ഷീറ്റ് ഉണക്കാനുള്ള കാലതാമസമാണ് വെല്ലുവിളി. റെയിൻ ഗാർഡ് ഘടിപ്പിക്കാത്ത ചെറുകിട കർഷകർ ടാപ്പിംഗ് ആരംഭിക്കാത്തതിനാൽ ഉയർന്ന വിലയുടെ നേട്ടം ലഭിക്കുന്നില്ല.
#ചൈനയിലെ വില 172ൽ നിന്ന് 176 രൂപയായും ടോക്കിയോ 180ൽ നിന്ന് 182 രൂപയായും വർദ്ധിച്ചു.
കുരുമുളകിന് ഇറക്കുമതി വിനയാകുന്നു
ഉത്തരേന്ത്യൻ ഡിമാൻഡ് കുറഞ്ഞതിനൊപ്പം ഇറക്കുമതി മുളകിന്റെ വരവ് കൂടിയതാണ് നാടൻ കുരുമുളകിന് ക്ഷീണമായത്. കഴിഞ്ഞ ആഴ്ച കിലോയ്‌ക്ക് ഏഴു രൂപയും ഒന്നര മാസത്തിനുള്ളിൽ 38 രൂപയും കുറഞ്ഞു. ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വ്യാപാരികൾ ഇറക്കുമതി കുരുമുളക് വില കുറച്ച് വിൽക്കുകയാണ്. ഉത്സവ സീസൺ ആരംഭിക്കാത്തതിനാൽ ഉത്തരേന്ത്യൻ വ്യാപാരികൾ വാങ്ങൽ ആരംഭിച്ചിട്ടില്ല. എരിവ് കൂടുതലുള്ള നാടൻ കുരുമുളകിനോടാണ് ഉത്തരേന്ത്യൻ വ്യാപാരികൾക്കും മസാല കമ്പനികൾക്കും പ്രിയം .
കൊക്കോ വിപണിയിൽ കണ്ണീർ
കൊക്കോ വിപണി തകർന്നത് സാധാരണ കർഷകരുടെ വയറ്റത്തടിച്ചു. ഉണക്ക കൊക്കോ 300 രൂപ വരെ താഴ്ന്നപ്പോൾ പച്ച കൊക്കോ 65 രൂപ വരെ ഇടിഞ്ഞ ശേഷം നേരിയ തോതിൽ ഉയർന്നു. മഴ നീളുന്നതിനാൽ രോഗവും ഉത്പാദന കുറവും അടുത്ത വിളവിനെയും ബാധിക്കുമെന്നതിനാൽ കൊക്കോ കർഷകർ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |