അബുദാബി: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണസംഖ്യയും അതിവേഗം ഉയരുകയാണ്. മരിച്ചവരിലും രോഗബാധിതരിലും പ്രവാസികളാണ് കൂടുതലെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 27,011 ആയി. മരണസംഖ്യ 184 ആയി ഉയർന്നു. ആറ് ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി ബാധിച്ചത് സൗദിയെയാണ്.
സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നി രാജ്യങ്ങളിലായി 67,728 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 380 പേർ കൊവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. ഖത്തർ( 15,551), യുഎഇ(14,163), ബഹ്റൈൻ(33,83), കുവൈത്ത്(49,83), ഒമാൻ( 2637) എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
അതേസമയം, റമദാൻ മാസമായപ്പോൾ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ ജാഗ്രത കുറച്ചിട്ടില്ല. ആരോഗ്യ വിഭാഗം പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. പുറത്തിറങ്ങാൻ ആളുകൾക്ക് അനുമതി നൽകിയെങ്കിലും സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.