തിരുവനന്തപുരം∙ സിനിമ, സീരിയൽ ഷൂട്ടിംഗിൽ പങ്കെടുക്കുന്ന അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് വരുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പി.സി.ആർ പരിശോധന നടത്തി പ്രൊഡക്ഷൻ മാനേജർ വഴി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം.
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വരുന്നവർക്കും രോഗ ലക്ഷണമുള്ളവർക്കും പി.സി.ആർ പരിശോധന നടത്തി അതിന്റെ ഫലം ആരോഗ്യ വകുപ്പിനെ അറിയിച്ചാൽ മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ടി.വി ചാനലുകൾക്കും പ്രൊഡക്ഷൻ ഹൗസിനുമായിരിക്കും. ഇൻഡോർ ഷൂട്ടിംഗിന് സിനിമയ്ക്ക് അമ്പതും സീരിയലിന് ഇരുപത്തിയഞ്ചും പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.
കേരള ടെലിവിഷൻ ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം ഷൂട്ടിംഗ് എന്നായിരുന്നു മുൻ ഉത്തരവ്. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കേരള ടെലിവിഷൻ ഫെഡറേഷൻ സർക്കാരിന് കത്ത് നൽകിയത്.