കൊയിലാണ്ടി: പൂക്കാട് റെയിൽവേ ട്രാക്കിൽ ഒരു വർഷം മുമ്പ് ടെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ഫറൂക്ക് സ്വദേശി ജംഷദിന്റെ (30)ന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. മരിച്ച ജംഷദിന്റെ ഉമ്മ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ജി.എസ്.ടി ബിൽ തയ്യാറാക്കുന്നതിന് കഴിഞ്ഞ വർഷം ആഗസ്റ്റ് 29ന് പൂക്കാടെ ഒരു കടയിൽ എത്തിയതായിരുന്നു. ആറ് മണിയോടെ തിരിച്ച് പോയ ജംഷദിനെ ടെയിൻ തട്ടി മരിച്ച നിലയിൽ പൂക്കാട് റെയിൽവെ ട്രാക്കിൽ കണ്ടെത്തി. അന്വേഷണം നടത്തിയ കൊയിലാണ്ടി പൊലീസ് ആദ്യം ആത്മഹത്യയെന്നും പിന്നീട് അബദ്ധത്തിൽ ടെയിൽ തട്ടി മരിച്ചതാണെന്നും പറഞ്ഞ് കേസന്വേഷണം അവസാനിപ്പിച്ചു. ജംഷദുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട രണ്ട് യുവതികളെ ചോദ്യം ചെയ്യാനോ അവരുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്കിയ പരാതിയിൽ ഉമ്മ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.