തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന ശേഷം കൊലയാളികൾ ഈ വിവരം അറിയിക്കുന്നത് അടൂർ പ്രകാശ് എം.പിയെയാണെന്ന് മന്ത്രി ഇ.പി ജയരാജൻ. പിന്നാലെ, ഇരട്ടക്കൊലക്കേസിലെ പ്രതി ഷജിത്തിന്റെ ശബ്ദരേഖ ഡി.വൈ.എഫ്.ഐ പുറത്തുവിട്ടു. എന്നാൽ, .പ്രതികളാരും തന്നെ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, ആരോപണം തെളിയിക്കാൻ മന്ത്രിയെ വെല്ലുവിളിച്ചു.
കൊല്ലപ്പെട്ട ഡി.വൈ.എഫ്. ഐ. പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇ.പി. ജയരാജൻ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിനെതിരെ ആരോപണമുന്നയിച്ചത്. ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരും, കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരമാണ്. ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്.തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിക്കുന്നതും, അക്രമികളെ സംരക്ഷിക്കുന്നതും സമാധാനമുണ്ടാക്കുന്നതല്ല. ജനങ്ങൾ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അക്രമികൾക്ക് നേരെ തിരിച്ചടിക്കും.കോൺഗ്രസ് നേതാക്കളുടെ സന്ദേശമാണ് ഞാൻ കേട്ടത്..നിങ്ങൾ സംഭവം നടത്തിക്കൊള്ളൂ. നിങ്ങളുടെ എല്ലാ കാര്യവും ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണ് സന്ദേശം-ജയരാജൻ പറഞ്ഞു.
ഇതിന് പിന്നാലെയാണ് എം.പി.യുടേതെന്ന് പറഞ്ഞ് ശബ്ദരേഖ പുറത്തു വിട്ടത്.നേരത്തെ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഫൈസലിനെ ആക്രമിച്ച സംഭവത്തിന് ശേഷം ഷജിത്ത് വെളിപ്പെടുത്തിയ കാര്യങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളത്.എഫ്.ഐ.ആറിൽ തന്റെ പേര് വന്നപ്പോൾ എം.പി.യെ വിളിച്ചെന്നും ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന് ഉറപ്പ് നൽകിയെന്നുമാണ് ഷജിത്ത് പറയുന്നത്. കോൺഗ്രസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചർ ഗ്രൂപ്പിൽ പ്രചരിച്ച ശബ്ദരേഖയാണിതെന്ന് ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറർ അംജിത് പറഞ്ഞു.
എന്നാലിതെല്ലാം കെട്ടിച്ചമച്ചതാണെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു മണ്ഡലത്തിനു കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള എന്നെ ആളുകൾ വിളിക്കാറുണ്ട്. സിപിഎമ്മിന്റെ ആളുകൾ പോലും വിളിക്കാറുണ്ട്. .കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സഹായം ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. മാർക്സിസ്റ്റ് പാർട്ടി ശീലിച്ച കാര്യമാണ്. ഭരണം അവരുടെ കൈയ്യിലാണ്. എന്നെ പ്രതികൾ വിളിച്ചിട്ടുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം ആരോപണമുന്നയിച്ച മന്ത്രി ഇ.പി. ജയരാജനും പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഏറ്റെടുക്കുന്നതാവും നല്ലത്. പ്രതികളിലൊരാൾ സിഐടിയുക്കാരനാണ്. ഇത് മറച്ചുപിടിക്കാനുള്ള തന്ത്രമാണിത്.– അടൂർ പ്രകാശ് പറഞ്ഞു.