തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയ്ക്കും 17 മന്ത്രിമാർക്കും നോട്ടീസ് അയയ്ക്കാൻ ലോകായുക്ത ഉത്തരവായി.
എൻ.സി.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയൻ, ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായർ എന്നിവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയതടക്കം ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാറാണ് ഹർജി സമർപ്പിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ കുടുംബത്തിന് ധനസഹായം നൽകിയതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് സ്വന്തംനിലയിൽ മൂന്നു ലക്ഷം രൂപവരെ അനുവദിക്കാനേ നിയമമുള്ളൂ. സഹായധനം ലഭിച്ചവർ അതിനായി അപേക്ഷ നൽകിയിരുന്നില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ലോകായുക്ത പയസ്.സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രൻ, എ.കെ. ബഷീർ എന്നിവർ ഹർജി ഫയലിൽ സ്വീകരിച്ചത്.