തിരുവനന്തപുരം: കരിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ ഇനി എവിടെയാണ് കരിവാരിത്തേയ്ക്കാനുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പ്രതികരിച്ചു. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ കടുത്ത ദുരൂഹതയാണ്. ഇതിന്റെ വിശദാംശങ്ങളാവശ്യപ്പെട്ട് താൻ നൽകിയ കത്തിന് ഇതുവരെ മുഖ്യമന്ത്രി മറുപടി തന്നിട്ടില്ല.
പതിനേഴായിരം കിലോ ഈന്തപ്പഴം നയതന്ത്രമാർഗത്തിലൂടെ കൊണ്ടുവന്നതിന്റെ മറവിൽ മറ്റെന്തെങ്കിലുമാണോ വന്നതെന്നും ചെന്നിത്തല ചോദിച്ചു.
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നുവെന്നാണിപ്പോൾ സി.പി.എം പറയുന്നത്. മുഖ്യമന്ത്രി കത്തയച്ചാണ് എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ള കേന്ദ്ര ഏജൻസികളെത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ മകനെ ചോദ്യം ചെയ്തപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയം കളിക്കുവെന്നായി. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് ലോക്കർ പരിശോധിക്കാൻ പോയതെന്തിന്? സ്വപ്ന സുരേഷുമായി ജയരാജന്റെ മകനെന്താണ് ബന്ധം? ഇതൊക്കെ പുറത്ത് വരുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല.
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയില്ലെന്ന കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവന ആരെ രക്ഷിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വേണം മനസിലാക്കാൻ. കേന്ദ്ര ധനകാര്യ സഹമന്ത്രി പറയുന്നത് നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത് നടന്നുവെന്നാണ്. രണ്ട് മന്ത്രിമാർ രണ്ട് വിധത്തിൽ സംസാരിക്കുന്നത് അതീവഗൗരവതരമെന്നും ചെന്നിത്തല പറഞ്ഞു.