ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ
ആലപ്പുഴ: ലേലത്തെച്ചൊല്ലിയുള്ള ഭിന്നസ്വരം മറന്ന്, പാതിരപ്പള്ളി എക്സൽ ഗ്ളാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യത്തിന് പിന്തുണയുമായി രാഷ്ട്രീയപാർട്ടികൾ രംഗത്ത്.
ഫാക്ടറിയുടെ ഇ-ലേല തീയതി കമ്പനി ലിക്വിഡേറ്റർ രവീന്ദ്ര ചതുർവേദി നീട്ടി നൽകി. 15ന് നടക്കാനിരുന്ന നടപടികൾ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതോടെ തൊഴിലാളികൾ പ്രതീക്ഷയിലാണ്. ഇ-ലേലത്തിന്റെ പുതുക്കിയ തീയതി 21 നാണ്. ലേലം 25ന് നടക്കും. നടപടികൾ നീട്ടിയതോടെ സർക്കാർ ഇടപ്പെട്ട് ഫാക്ടറി തിരിച്ചു പിടിക്കണമെന്നാണ് ആവശ്യം.
സി.പി.എമ്മും സി.പി.ഐയും കോൺഗ്രസും ബി.ജെ.പിയും എക്സൽ ഗ്ളാസ് ഫാക്ടറി ലേലത്തിൽ സർക്കാർ നേരിട്ട് പങ്കെടുക്കണമെന്ന നിലപാടിലാണ്. കോമളപുരം സ്പിന്നിംഗ് മിൽ വി.എസ് സർക്കാർ ഏറ്റെടുത്ത അതേ മാതൃകയിൽ സർക്കാർ ഓർഡിനൻസ് വഴി ഫാക്ടറി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ലിക്വിഡേറ്ററെ സ്വാധീനിച്ച് കോടിക്കണക്കിന് വിലയുള്ള സ്വത്ത് ബിനാമി വഴി സ്വന്തമാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
ദേശീയപാതയോരത്തുള്ള 18 ഏക്കറും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 200 കോടിയിലധികം ലഭിക്കാവുന്ന സ്വത്തിന് 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്. കമ്പനി പൂട്ടുന്ന സമയത്ത് 9 കോടിയുടെ കുപ്പികൾ ഗോഡൗണിലുണ്ടായിരുന്നു. ഇവ ഉപയോഗ്യശൂന്യമായി. കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളിൽ നിന്നെടുത്ത 14.5 കോടി വായ്പ ഇപ്പോൾ 45 കോടിയായി. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പൂർണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകൾ തീർക്കുന്ന തരത്തിലാണ് വില്പന നടപടികളെന്നും പരാതിയുണ്ട്.
സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്തണം
എക്സൽ ഗ്ളാസ് ഫാക്ടറിയുടെ സ്വത്ത് ലേലത്തിൽ സംസ്ഥാന സർക്കാരോ പണം ലഭിക്കാനുള്ള കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളോ ലേലത്തിൽ പങ്കെടുക്കണം. കമ്പനി മാനേജ്മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാർത്ഥ ആസ്തി കുറച്ചുകാട്ടി സ്വന്തക്കാരെ ലേലത്തിൽ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. സർക്കാർ ലേലത്തിൽ നേരിട്ട് പങ്കെടുക്കണം
ആർ.നാസർ, ജില്ലാ സെക്രട്ടറി, സി.പി.എം
..............................
സർക്കാർ ഏറ്റെടുക്കണം
എക്സൽ ഗ്ളാസ് ഫാക്ടറിയുടെ സ്ഥലവും മറ്റ് ആസ്തികളും മാനേജ്മെന്റ് ആയ സോമാനിയ തട്ടിയെടുക്കാനുള്ള ശ്രമം ഒഴിവാക്കാൻ സർക്കാർ ഇടപെടണം. ലേലം നടത്താനുള്ള നീക്കത്തെ തുടക്കം മുതൽ എ.ഐ.ടി.യു.സിയും സി.പി.ഐയും എതിർത്തിരുന്നു. ഓർഡിനൻസ് വഴി ഫാക്ടറി സർക്കാർ ഏറ്റെടുത്ത് സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്തണം. ലിക്വിഡേറ്റർ ലേലം തീരുമാനിച്ചെങ്കിലും ഭൂമിയുടെ അവകാശി സർക്കാരാണ്. വൈദ്യുതി ചാർജ്, നികുതി, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളുടെ വായ്പാ കുടിശിക ലഭിക്കാനുള്ളതിനാൽ ഓർഡിനൻസ് ഇറക്കുന്നതിന് നിയമപരമായി ഒരു തടസവുമില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം
ടി.ജെ.ആഞ്ചലോസ്, ജില്ലാ സെക്രട്ടറി, സി.പി.ഐ
.........................................
എക്സൽ ഗ്ലാസ് ഫാക്ടറി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഒളിച്ചോടിയ മന്ത്രി തോമസ് ഐസക് സ്വന്തം വോട്ടർമാരോട് മാപ്പ് പറയണം. ഫാക്ടറി ഉടമകളായ സോമാനി ഗ്രൂപ്പുമായി സർക്കാർ ഒത്തുകളിച്ചാണ് ലേലനടപടികൾ നടത്തുന്നത്. സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന കോടികളുടെ കടം സോമാനി ഗ്രൂപ്പിന് ഇളവ് ചെയ്തുനൽകിയിട്ടും കമ്പനി തൊഴിലാളികളോട് കാണിച്ചത് ക്രൂരതയാണ്. മന്ത്രി തോമസ് ഐസക് തൊഴിലാളി യൂണിയൻ പ്രതിനിധികളെ വിളിച്ച് ചർച്ച ചെയ്യുകയും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാമെന്ന് സമ്മതിച്ചിരുന്നു. എക്സൽ ഗ്ലാസ് മാനേജ്മെൻറ്മായി ഒത്തുകളിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള സമീപനമാണ് സർക്കാരിന്റെത്. കേരള സ്പിന്നേഴ്സ് മാതൃകയിൽ സർക്കാർ എക്സൽ ഗ്ലാസ് കമ്പനി ഏറ്റെടുക്കണം
അഡ്വ. എം.ലിജു, പ്രസിഡന്റ്, ഡി.സി.സി