തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ തെറ്റായ ഒരു തെളിവു നിരത്തുകയോ, ഉന്നതങ്ങളിൽ നിന്നുള്ള സ്വാധീനം നേരിടേണ്ടിവരികയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ വിൻസൻ എം പോൾ. സംസ്ഥാന വിവരാവകാശ കമ്മിഷണർ ആയി വിരമിച്ച ശേഷം കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സർവീസ് കാലത്ത് താൻ അന്വേഷിച്ച പ്രമാദമായ കേസുകളിലൊന്നായ ടിപി വധക്കേസിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്.
'ടി പിചന്ദ്രശേഖരൻ വധക്കേസിനകത്ത്, എനിക്ക് തോന്നുന്നു കേരളത്തിൽ ആരും ചോദ്യം ചെയ്യില്ലാത്തത്ര ഇന്റഗ്രിറ്റിയുള്ള ഒരു ടീമിനെയാണ് എടുത്തത്. അന്നത്തെ ആൾക്കാരെല്ലാം പറഞ്ഞതും അതാണ്. എന്തെങ്കിലും പ്രശസ്തിക്കുവേണ്ടി പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനും അതിലുണ്ടായിരുന്നില്ല. വളരെ ലോ പ്രോഫൈൽ ആയിട്ടുള്ള, എന്നാൽ പ്രൊഫഷണലി എക്സ്ട്രീമിലി കോംപീറ്റന്റ് ആയിട്ടുള്ള ആൾക്കാരിയിരുന്നു. എന്റെ ടീമിലുണ്ടായിരുന്ന എസ് പി അനൂപ് കുരുവിള. എനിക്കു തോന്നുന്നു, കേരളം ഇന്നുകാണുന്ന ഉദ്യോഗസ്ഥരിൽ ഏറ്റവും ഔട്ട്സ്റ്റാന്റിംഗ് ആയിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. പിന്നെ അന്നത്തെ ഡിവൈഎസ്പിമാർ എല്ലാം; ഷൗക്കത്തലി, സന്തോഷ്, ജോസി ചെറിയാൻ, ജെയ്സൺ എബ്രഹാം അങ്ങനെ പ്രഗത്ഭരായിരുന്നു എല്ലാവരും.
അന്ന് ഞങ്ങൾ അവിടെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. കോഴിക്കോട് റൂറൽ എസ്പിയുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു അത്. നടന്ന് ചെല്ലാവുന്ന ദൂരം. അതായിരുന്നു ക്യാമ്പ് ഓഫീസ്. അവിടെയാണ് പ്രതികളെയും സാക്ഷികളെയുമെല്ലാം ചോദ്യം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും പറഞ്ഞിരുന്നത് ഞങ്ങളെ ഒരു കാരണവശാലും ബന്ധപ്പെടരുത് എന്നാണ്.
പൊതുയോഗങ്ങളിൽ ഉണ്ടായ ചില ഭീഷണികളല്ലാതെ മറ്റൊന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നിട്ടില്ല. ഗൂഢാലോചനയെ കുറിച്ച് നൂറ് ശതമാനവും അന്വേഷിച്ചതാണ്. ഉന്നത തലത്തിൽ പങ്കുണ്ടോയെന്ന് ഞങ്ങൾ അന്വേഷിച്ചിട്ടില്ല. ഐപിസിയിൽ ലാർജർ കോൺസ്പിറസി (ഉന്നത ഗൂഢാലോചന) എന്നൊന്നില്ല. കോൺസ്പിറസി മാത്രമേയുള്ളൂ. അതുകൊണ്ടാണ് പറഞ്ഞത് തെറ്റായ ഒരു തെളിവും ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഉള്ള തെളിവുകൾ അതേരീതിയിൽ നിരത്തുകയായിരുന്നു'.