തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസി സമ്മർദ്ദം ചെലുത്തുന്നതായുള്ള വിവാദ ശബ്ദരേഖയിൽ സ്വപ്നാസുരേഷിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിനെ സമീപിച്ചു. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കുന്നതിൽ കോടതിയുടെ അനുമതി തേടാൻ ജയിൽ വകുപ്പും തീരുമാനിച്ചു.
ശബ്ദരേഖ ചോർന്നതിൽ ക്രൈംബ്രാഞ്ച് ഉടൻ കേസെടുക്കില്ലെന്നാണ് സൂചന. ശബ്ദരേഖയിലെ ആരോപണം ഗുരുതരമാണെങ്കിലും ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാൽ മാത്രമേ കേസെടുക്കാനാവൂവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ഇ.ഡിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായാണ് ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിൽ മേധാവി ഋഷിരാജ് സിംഗിന് കത്ത് നൽകിയത്.
സ്വപ്ന റിമാൻഡിലായതിനാൽ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാവില്ലെന്ന് ജയിൽ വകുപ്പ് നിലപാടെടുത്തു. സ്വപ്നയെ അറസ്റ്റ് ചെയ്തിട്ടുള്ള എൻ.ഐ.എ, കസ്റ്റംസ് എന്നീ ജൻസികളുടെ അനുമതിയും ജയിൽ വകുപ്പ് തേടും. വ്യാജമൊഴി നൽകാൻ നിർബന്ധിക്കുന്നത് കുറ്റകരമാണെങ്കിലും കേസെടുക്കണമെങ്കിൽ അത് തന്റെ ശബ്ദമാണെന്നും തനിക്ക് അത്തരമൊരു പരാതിയുണ്ടെന്നും സ്വപ്ന ഏറ്റുപറയേണ്ടതുണ്ട്.
അങ്ങനെയായാൽ ഭീഷണിയും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കാം. സ്വപ്ന എന്ത് പറയുന്നുവെന്ന് അറിഞ്ഞ ശേഷം കേസെടുത്താൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.