ചാലക്കുടി: വീണ്ടുമെത്തിയ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കോലാഹലം കട്ടിലിൽ കിടന്ന് അറിയുന്നുണ്ട്, കെ.എസ് എന്ന വിപ്ലവകാരി. തൊണ്ണൂറ്റിയേഴിൽ എത്തുമ്പോഴും നാലു പതിറ്റാണ്ടു മുമ്പ് മേലൂർ പഞ്ചായത്തിന്റെ ഭരണചക്രം തിരിച്ച സ്മരണകൾ ഓർത്തെടുക്കാൻ ആവേശം കാണിക്കുന്നുണ്ട് കോച്ചേരി വീട്ടിൽ കെ.എസ് ദാമോദൻ.
പരിയാരം കർഷക സമരത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 1979ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായും അവസാനമായും കെ.എസ് മത്സരിച്ചത്. പ്രസിഡന്റായിരുന്ന അക്കാലത്തെ പ്രവർത്തനം ഓർത്തെടുക്കാൻ ശയ്യാവലംബിയായ പ്രിയ നേതാവിന് ഇപ്പോഴും ഒട്ടും പ്രയാസമില്ല. കൊരട്ടിയിൽ നിന്നും വേറിട്ട മേലൂർ പഞ്ചായത്തിൽ അക്കാലത്ത് ആറ് സീറ്റുകൾ മാത്രമായിരുന്നു.
കുന്നപ്പിള്ളിക്കാരനായ കെ.എസിന്റെ വിജയം സ്വന്തം തട്ടകത്തിൽ നിന്നുമായിരുന്നു. മേലൂർ കൊരട്ടി കുടിവെള്ള പദ്ധതിയുടെ ആശയത്തിന് തുടക്കമിട്ടതും മറ്റാരുമല്ല. ഇടുങ്ങിയ പല റോഡുകളും നാട്ടുകാരുടെ സഹകരണത്തോടെ വീതിയുള്ളതാക്കി. വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക തടസം നേരിട്ടിരുന്ന ആദ്യകാലം അയവിറക്കി അദ്ദേഹം പറഞ്ഞു. ആരൊക്കെ എവിടെയെല്ലാം മത്സരിക്കുന്നുണ്ടെന്ന് കാരണവർ ഇപ്പോഴും ആരായുന്നു. അവിടെ പാർട്ടി സ്ഥാനാർത്ഥികളെക്കുറിച്ച് ആവേശത്തോടെ പറയുന്നു. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുമ്പോൾ ഈ 97കാരന്റെ ഓർമ്മകൾ യുവത്വത്തിലേയ്ക്കും ഓടിപ്പോകുന്നുമുണ്ട്. ഭാര്യ വള്ളിക്കുട്ടി ഈയിടെ വിട പറഞ്ഞു. ഇപ്പോൾ മകൾ സലിൽ വിജയന്റെ കൂടെ തറവാട്ട് വീട്ടിലാണ് താമസം.