ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം പകർന്നും രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ കരകയറുന്നുവെന്ന സൂചന നൽകിയും തുടർച്ചയായ അഞ്ചാംമാസവും ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി രൂപ കടന്നു. 1.13 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ സമാഹരിച്ചത്. തുടർച്ചയായ മൂന്നാംമാസമാണ് സമാഹരണം 1.10 ലക്ഷം കോടി രൂപ കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 21,092 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 27,273 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 55,253 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. 9,525 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു. 2020 ഫെബ്രുവരിയേക്കാൾ കഴിഞ്ഞമാസത്തെ വരുമാനത്തിലെ വർദ്ധന ഏഴു ശതമാനമാണ്.