തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച താത്കാലിക നടപടികൾ അപര്യാപ്തമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്‌റ്റഡീസ് സംഘടിപ്പിച്ച 'പ്രതീക്ഷ-2030" ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദരിദ്രർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കിയാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് ലഭിക്കും. ആഭ്യന്തര ഉപഭോഗം കൂടുകയും ചെറുകിട, ഇടത്തരം, കാർഷിക, അസംഘടിത മേഖലകളിലെല്ലാം ഉത്‌പാദനം മെച്ചപ്പെടുകയും ചെയ്യും. തൊഴിലവസരങ്ങൾ ഉയരും. നീണ്ട സാമ്പത്തികമാന്ദ്യത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയെ സാധാരണനിലയിൽ എത്തിക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം തയ്യാറാക്കിയ വികസനരേഖ മൻമോഹൻ സിംഗ് പ്രകാശനം ചെയ്‌തു.
ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, ശശി തരൂർ എം.പി., കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ആർ.ജി.ഐ.ഡി.എസ് ഡയറക്ടർ ബി.എസ്. ഷിജു, സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫ.ബി.എ. പ്രകാശ് എന്നിവർ സംസാരിച്ചു.
നോട്ട് അസാധുവാക്കൽ
തൊഴിലില്ലായ്മ വർദ്ധിപ്പിച്ചു
ഒന്നാം നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ നോട്ട് അസാധുവാക്കൽ നടപടിക്കെതിരെ ഡോ. മൻമോഹൻ സിംഗ് വീണ്ടും ആഞ്ഞടിച്ചു. 2016ൽ വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ നോട്ട് അസാധുവാക്കൽ മൂലമാണ് ഇന്ത്യയിൽ തൊഴിലില്ലായ്മ കുത്തനെ വർദ്ധിച്ചത്. അസംഘടിതമേഖല തകർന്നു. നിർണായക വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര നടപടികളും ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.