ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളേജിലെ വിദ്യാർത്ഥി സ്റ്റാർട്ടപ്പായ ഐക്കൊടെക് കുളവാഴ പൾപ്പ് ഉപയോഗിച്ച് ശ്രീനാരായണ ഗുരുദേവന്റെ രൂപം നിർമ്മിച്ചു. ഐക്കൊടെക് സി.ഇ.ഒയും കോളേജിലെ ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനുമായ വി. അനൂപ് കുമാറാണ് പ്രധാന ശില്പി. കുളവാഴയും പഴയ പത്രക്കടലാസുമാണ് ഉപയോഗിച്ചിരിക്കുന്നത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് നിറം നൽകിയത്. കുളവാഴ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുകയെന്നതാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. ഹാൻഡ് മെയ്ഡ് പേപ്പർ, വിസിറ്റിംഗ് കാർഡ്, ചെടിച്ചട്ടികൾ എന്നിവയാണ് മറ്റ് പ്രധാന ഉത്പന്നങ്ങൾ.
ഹരീ കൃഷ്ണ, എസ്. ആര്യ, ലക്ഷ്മി.കെ. ബാബു, നിവേദിത.എൻ. പ്രഭു എന്നിവരാണ് സ്റ്റാർട്ടപ്പ് അംഗങ്ങൾ. ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകൻ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് സ്റ്റാർട്ടപ്പിന്റ മെന്റർ. സർക്കാരിന്റെ യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, കേരള സർവകലാശാലയുടെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ എന്നീ പരിപാടികളിൽ ഇവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |