റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്തിലെ വലിയകാവിനെ സമ്പൂർണ മാലിന്യവിമുക്തമാക്കാൻ ലക്ഷ്യമിടുന്ന ക്ളീൻ ആൻഡ് ഗ്രീൻ വലിയകാവ് പദ്ധതിക്ക് തുടക്കമായി. വാർഡ് പരിധിയിലെ വെള്ളം, വായു, മണ്ണ് എന്നിവ മാലിന്യവിമുക്തമാക്കുന്ന പദ്ധതിയാണിത്. റോഡുകളിൽ വാഹനയാത്രയ്ക്ക് ഭീഷണി ഉയർത്തിനിൽക്കുന്ന കാട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിമാറ്റി വൃക്ഷത്തൈകൾ നടും. വലിയകാവ് - വട്ടാർകയം - മന്ദമരുതി റോഡ് ,റീ ടാറിംഗ് പൂർത്തിയായാലുടൻ ഇരു വശങ്ങളിലും ചെടികൾ നട്ട് പൂന്തോട്ടമൊരുക്കും. ഹരിതകർമ്മസേനാംഗങ്ങൾക്ക് എല്ലാ വീടുകളിൽ നിന്നും പ്രതിഫലം നൽകി പ്രോത്സാഹിപ്പിക്കും
. വലിയകാവ് - പൊന്തൻ പുഴ- റോഡിൽ മാലിന്യ നിക്ഷേപം ഒഴിവാക്കാനായി എല്ലാ ഭാഗത്തും കാമറകൾ സ്ഥാപിക്കും. കിണറുകളിൽ ക്ളോറിനേഷൻ നടത്തി അണുവിമുക്തമാക്കും .വലിയകാവിൽ നിന്ന് ഉത്ഭവിക്കുന്ന വലിയതോട് 12 ലക്ഷം രൂപ ചെലവിൽ ആഴം കൂട്ടി പമ്പാനദിയിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കും. കൃഷിയിടങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനായി ഇടകയ്യാലകൾ നിർമ്മിക്കും. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി മുഴുവൻ പുരയിടങ്ങളിലും മഴക്കുഴികൾ നിർമ്മിച്ച് കിണർ റീചാർജിംഗിന് സംവിധാനം ഒരുക്കും. കേടായ തെരുവ് വിളക്കുകൾ മാറ്റുന്നതോടൊപ്പം വോൾട്ടേജ് കുറഞ്ഞ ഭാഗത്ത് ത്രീ ഫേസ് ലൈൻ സ്ഥാപിക്കാനും തീരുമാനമായി. പദ്ധതി ഡോക്യുമെന്ററി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ശ്രീകിരണിന്റെ നേതൃത്യത്തിൽ തയ്യാറാക്കും. പദ്ധതികൾ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് സേനാംഗം പ്രസാദ് ആര്യാട്ട് ഏകോപിപ്പിക്കും.
ആലോചനായോഗത്തിൽ അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വലിയകാവ് അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടർ ജയൻ 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം മുഹമ്മദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ ഇടവക വികാരി ഫാ.മാത്യു ജോൺ, എസ്.എൻ.ഡി.പി യോഗം ശാഖാ വൈസ് പ്രസിഡന്റ് രജി കൊച്ചയ്യത്ത് , പാസ്റ്റർമാരായ തമ്പി വിലങ്ങുപാറ, സാബു പന്തളയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.സതീഷ് കുമാർ, ബിജി, ഷേർളി, വാർഡ് വികസന സമിതി സെക്രട്ടറി ജോൺ മാന്താനത്ത്, വന സംരക്ഷണ സമിതി പ്രസിഡന്റ് ജെയിംസ് എന്നിവർ സംസാരിച്ചു. ഹരിത കേരള മിഷൻ, എൻ.ആർ.ഇ.ജി.എസ്, വൈദ്യുതി ബോർഡ്, കുടുംബശ്രീ, വനം, ചെറുകിട ജലസേചനം വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |