തൃശൂർ: പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബി.ജെ.പിയും കോൺഗ്രസും മറ്റ് വർഗീയ ശക്തികളും ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. തൃശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതനിരപേക്ഷത സംരക്ഷിക്കുകയെന്ന ദൗത്യം ഇടതുപക്ഷം ഏറ്റെടുക്കണം. ബി.ജെ.പിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞുവെന്നതാണ് അഭിമാനകരമായ നേട്ടം. കോർപറേറ്റ് താത്പര്യമാണ് ഇന്ത്യയിൽ സംരക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് കൈമാറുന്നത്. പൊതുവിതരണ സമ്പ്രദായവും ഇല്ലാതാവുകയാണെന്നും വിജയരാഘവൻ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.