വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് നാനോ സംരംഭങ്ങൾക്ക് തുടക്കമിടുന്നു. ടെയ്ലറിംഗ് പരിശീലിച്ച വനിതകളെ ഉൾപ്പെടുത്തിയായിരിക്കും ഇത്. ആദ്യഘട്ടത്തിൽ ഓരോ വാർഡിൽ നിന്നും അഞ്ചു പേർക്കാണ് അവസരം ലഭിക്കുക.
പുതിയ സംരംഭങ്ങളുടെ മുന്നോടിയായി 100 കുടുംബശ്രീ അംഗങ്ങൾക്ക് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടെ ക്ലാസ് ഒരുക്കി. ഇവർക്ക് തുടക്കത്തിൽ പതിനായിരം രൂപ വീതം വായ്പ നൽകി ടെയ്ലറിംഗ് മെഷീനും മറ്റു ഉപകരണങ്ങളും ലഭ്യമാക്കും. പലിശരഹിത വായ്പയായിരിക്കും. 36 ഗഡുക്കളായി വായ്പാത്തുക കുടുംബശ്രീ മുഖേന തിരിച്ചടക്കണം. പരമാവധി വനികളെ തൊഴിൽമുഖത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ ഈ പദ്ധതി. സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി പ്രാരംഭ ചർച്ച പൂർത്തിയായിക്കഴിഞ്ഞു.
വടകര ബ്ലോക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ വിശ്വൻ കോറോത്ത് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |