# ജസ്റ്റിസ് അലക്സാണ്ടർ തോമസ് നാളെ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 45 ദിവസം നീണ്ടുനിൽക്കുന്ന നിയമ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെഷൻസ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സണുമായ പി. രാഗിണി പറഞ്ഞു. നാളെ കോഴിക്കോട് കോടതി കോൺഫറൻസ് ഹാളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യും. നവംബർ 14 വരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമങ്ങളിൽ നിയമസഹായം എത്തിക്കുകയും പട്ടിക വർഗ കോളനികളിൽ നിയമ സഹായ ക്ലിനിക്കുകൾ സ്ഥാപിക്കുകയും ചെയ്യും. ഉദ്ഘാടന ദിനത്തിൽ 'നിയമം നിത്യജീവിതത്തിൽ; നിയമ സേവനങ്ങളും' എന്ന വിഷയത്തിൽ കോർപ്പറേഷൻ കൗൺസിലർമാർക്കായി സബ് ജഡ്ജ് എം.പി. ഷൈജൽ ക്ലാസെടുക്കും. ഒക്ടോബർ മൂന്ന് വൈകീട്ട് അഞ്ചിന് ജില്ല- താലൂക്ക് തലത്തിൽ രൂപീകരിച്ച സംഘങ്ങൾക്കുള്ള പരിശീലന ക്ലാസ് കണ്ണൂർ ജില്ലാ ലേബർ കോടതി ജഡ്ജ് ആർ.എൽ. ബൈജു നയിക്കും.
നാലിന് രാവിലെ 10.30ന് കോടതികളിൽ പരിശീലനം നേടുന്ന നിയമ വിദ്യാർത്ഥികൾ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡിയുമായി സംവദിക്കും. അഞ്ചിന് ഫോറസ്റ്റ് നിയമങ്ങൾ, പോക്സോ ആക്ട്, ക്രിമിനൽ കേസ് വിചാരണ, നിയമ സേവനങ്ങൾ എന്നീ വിഷയങ്ങളിൽ വനം ഉദ്യോഗസ്ഥർക്ക് ക്ലാസ് നടക്കും. മലപ്പുറം സബ് ജഡ്ജ് നൗഷാദലി ക്ലാസെടുക്കും. ആറിന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി നിസാർ അഹമ്മദ് ക്ലാസെടുക്കും. ഏഴിന് പോക്സോ ആക്ടിനെക്കുറിച്ച് കോഴിക്കോട് പോക്സോ കോടതി ജഡ്ജ് ദിനേശും അബ്കാരി ആക്ടും നിയമ സേവനവും എന്ന വിഷയത്തിൽ സബ് ജഡ്ജ് എസ്. സൂരജും ക്ലാസുകളെടുക്കും. ഓൺലൈൻ പഠന സഹായത്തിനായി തിരഞ്ഞെടുക്കപ്പെട്ട പട്ടിക വർഗ കോളനികളിൽ മൊബൈൽ ഫോൺ നൽകുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജലും പങ്കെടുത്തു.