തിരുവല്ല : കേരളപ്പിറവി ദിനത്തിൽ തന്നെ സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളിലെ ഇളവിനൊപ്പം വലിയ ആശങ്കകളും ഒഴിഞ്ഞതോടെ സ്‌കൂൾ തുറക്കലിന്റെ ആവേശത്തിലാണ് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളുമെല്ലാം. സ്‌കൂൾ അധികൃതർ, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരെല്ലാം ചേർന്നാണ് വിദ്യാലയങ്ങളിലെ ഒരുക്കങ്ങൾ ദ്രുതഗതിയിലാക്കിയത്. ഒന്നര വർഷമായി കുട്ടികളുടെ കളിചിരിയില്ലാതെയും കാടുമൂടിയും പൊടിപിടിച്ചും കിടന്ന വിദ്യാലയങ്ങൾ ശുചീകരിച്ച് അണുവിമുക്തമാക്കുന്ന ജോലികളാണ് ആദ്യം പൂർത്തിയാക്കിയത്. കൊവിഡ് കെയർ സെന്ററുകളും ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിച്ചിരുന്ന സ്‌കൂളുകളും അദ്ധ്യയനം തുടങ്ങാൻ സജ്ജമാക്കി. അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ ക്ലാസ് മുറികളും ബെഞ്ചും ഡെസ്‌ക്കും കഴുകി വൃത്തിയാക്കി. ശുചീകരണത്തിന് ജില്ലാ പഞ്ചായത്തും ഫണ്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് പടിഞ്ഞാറൻ മേഖലയിലെ സ്‌കൂളുകൾ വീണ്ടും ശുചീകരിക്കേണ്ട സ്ഥിതിയുണ്ടായി. അതേസമയം ചില സ്‌കൂളുകൾ നിറംപൂശിയും ചിത്രങ്ങൾ വരച്ചും പുതുമോടിയേകി. സ്‌കൂളിലേക്കുവരുന്ന കുട്ടികളെ ബയോ ബബിൾ സംവിധാനത്തിൽ വിവിധ ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പിന്റെയും ചുമതല അദ്ധ്യാപകർക്ക് വീതിച്ച് നൽകി. യാത്രാസൗകര്യങ്ങളും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിവിധ ക്രമീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌പെഷ്യൽ പി.ടി.എ വിളിച്ചുചേർത്തു. ഇന്നും പലയിടത്തും സ്‌കൂൾ തുറക്കലിന് മുന്നോടിയായുള്ള യോഗങ്ങൾ നടക്കും. അതേസമയം തുലാവർഷത്തിന്റെ ആശങ്കകളും മുന്നിലുണ്ട്.
മറക്കരുത്... ജാഗ്രത വേണം
സ്‌കൂൾ തുറക്കുമ്പോൾ ജാഗ്രതയ്ക്ക് ഒരു കുറവും വരാതെയാണ് ക്രമീകരണങ്ങൾ. 50 ശതമാനം കുട്ടികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. റഗുലർ ക്ലാസിനൊപ്പം ഓൺലൈൻ സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും സ്‌കൂളിന്റെ പ്രവർത്തനം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തുടക്കത്തിൽ അദ്ധ്യയനം :1 മുതൽ 7വരെ,
എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ.
എട്ടും ഒമ്പതും ക്ലാസുകൾ ഘട്ടംഘട്ടമായി തുടങ്ങും.
ഒരു ബഞ്ചിൽ രണ്ടുപേർ, ആദ്യ രണ്ടാഴ്ച ഉച്ചവരെ ക്ലാസുകൾ.
ശനിയാഴ്ച പ്രവർത്തി ദിവസം. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ
ക്ലാസുകളെ ബാച്ചുകളായി തിരിക്കും.
സ്‌കൂളുകളിലെ ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി. ഫിറ്റ്നസ് പരിശോധനകൾ നടത്തി ചില സ്‌കൂളുകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകർക്ക് പരിശീലനം നൽകി. തെർമൽ സ്കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
പി.ആർ.പ്രസീന
ജില്ലാ വിദ്യാഭ്യാസ ഓഫീസർ
വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കി. അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം സ്‌കൂൾ തുറക്കുന്നതിന്റെ ആവേശത്തിലാണ്. ആദ്യദിവസം പായസവും നൽകും.
ഡി. സന്ധ്യ
ഹെഡ്മിസ്ട്രസ്
എസ്.എൻ.വി.എസ്.ഹൈസ്‌കൂൾ
തിരുമൂലപുരം