കോന്നി: തുടർച്ചയായ മഴയിൽ മലയോര മേഖലയിലെ മിക്ക പ്രദേശങ്ങളും ദുരന്ത ഭീഷിണിയിലായി. കോന്നി താലൂക്കിലെ പലപ്രദേശങ്ങളിലും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യത കൂടുതലുള്ളതായി റവന്യു വകുപ്പ് കണക്കാക്കുന്നു. ഇവിടെ റവന്യു വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കല്ലാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുന്നതിനാൽ നദീതീരങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്.കോന്നി പഞ്ചായത്തിലെ പൊന്തനാംകുഴിയിലും അട്ടച്ചാക്കൽ ഈസ്റ്റ് കോളനിയിലും അടുത്തിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊക്കാത്തോട് തോട് കരവിഞ്ഞതോടെ കൊക്കാത്തോട് ഒരേക്കർ ഭാഗത്തെ വീടുകളിൽ വെള്ളം കയറി ജനങ്ങളെ മാറ്റി പ്പാർപ്പിച്ചിരുന്നു. കലഞ്ഞൂർ കുറ്റുമണ്ണിലെ വീടുകളിലും വെള്ളം കയറി. തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിൽ പല വീടുകളുടെയും സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു.
ആവണിപ്പാറയും കടവുപുഴയും ഒറ്റപ്പെട്ടു
അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസികോളനിയും കല്ലാറ്റിൽ ജലനിരപ്പുയർന്നതോടെ മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയും ഒറ്റപ്പെട്ടു. ആവണിപ്പാറയിൽ വള്ളമിറക്കാനായി നദിക്കു കുറുകെ കെട്ടിയിരുന്ന വടം ശക്തമായ ഒഴുക്കിൽ പൊട്ടി. ഇവിടെ കെട്ടിയിട്ടിരുന്ന ഫൈബർ വള്ളം ഒഴുക്കിൽപ്പെട്ടെങ്കിലും തടഞ്ഞു നിന്നു. മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ കല്ലാറിന് മറുകരയിൽ വനമേഖലയോട് ചേർന്ന പ്രദേശത്ത് താമസിക്കുന്ന മൂന്നു കുടുംബങ്ങളാണ് നദിയുടെ മറുകരയിൽ ഒറ്റപ്പെട്ടത്. നദിയിൽ ശക്തമായ ഒഴുക്ക് തുടരുന്നതിനാൽ ഇവിടുത്തെ സ്വകാര്യ വള്ളം ഇറക്കാൻ കഴിയുന്നില്ല. മുമ്പ് ഇവിടെ താമസിച്ചിരുന്ന പലകുടുംബങ്ങളും പ്രകൃതി ദുരന്തങ്ങൾ കാരണം താമസം മാറിപ്പോയിരുന്നു അവശേഷിക്കുന്ന മൂന്ന് കുടുംബങ്ങളാണ് കല്ലാറിന്റെ മറുകരയിൽ ഒറ്റപെട്ടുകഴിയുന്നത്.
മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും
സാദ്ധ്യതയുള്ള പ്രദേശങ്ങൾ
അരുവാപ്പുലം പഞ്ചായത്ത്: കൊക്കാത്തോട്, മുറ്റാകുഴി, മുതുപേഴുങ്കൽ
തണ്ണിത്തോട് പഞ്ചായത്ത് : തേക്കുതോട്, കരുമാൻതോട്, ഏഴാംതല, മേക്കണം, മേടപ്പാറ, മണ്ണീറ, എലിമുള്ളംപ്ലാക്കൽ,
കോന്നി പഞ്ചായത്ത് : പൊന്തനാംകുഴി, അട്ടച്ചാക്കൽ ഈസ്റ്റ് കോളനി,
കലഞ്ഞൂർ പഞ്ചായത്ത്: അതിരുങ്കൽ, പോത്തുപാറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |