യാഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം 17 ന്
കോന്നി: കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി യാഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം 17 ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിർവഹിക്കുമെന്ന് കെ .യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസിയായി എച്ച്.എൽ.എൽ ആണ് പ്രവർത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആർ.ടി.സി സിവിൽ എൻജിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്. 2013 മുതൽ തർക്കത്തെ തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതിയാണിത്. എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാകളക്ടറും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നടത്തിയ പ്രവർത്തനത്തിലൂടെയാണ് കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നത്. നിർമ്മാണ ഉദ്ഘാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ജി.ഉദയകുമാർ, ഫൈസൽ, പത്തനാപുരം ഡി.റ്റി.ഒ ബി.ബൈജു, കോന്നി കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ഇൻ ചാർജ്ജ് ജി.എസ്.അജു, സുധാകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. നിലവിൽ ഒാപ്പറേറ്റിംഗ് സെന്ററായാണ് കെ.എസ്.ആർ.ടി.സി കോന്നിയിൽ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |