പത്തനംതിട്ട : ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ തേടിയെത്തിയ സന്തോഷത്തിലാണ് ഷിബു വർഗീസ്. പത്തനംതിട്ട സമത സഹകരണ സൂപ്പർ മാർക്കറ്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന പെരിങ്ങമല ചരിവ് പുരയിടത്തിൽ ഷിബു വർഗീസ് പതിവുപോലെ ഇന്നലെ രാവിലെ പായ്ക്കിംഗ് ജോലിയ്ക്ക് എത്തിയതായിരുന്നു. ഇന്നലെ ഉച്ചയോടെ ലോട്ടറിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയ തൊഴിലാളി നീട്ടിയ നാല് വിൻവിൻ ടിക്കറ്റുകൾ ഷിബു വാങ്ങി.
കൂടെയുള്ള രണ്ടുസഹപ്രവർത്തകരും ടിക്കറ്റ് എടുത്തു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞുള്ള നറുക്കെടുപ്പിന്റെ ഫലം മൊബൈൽഫോണിലൂടെ എത്തിയപ്പോൾ ഷിബു ഞെട്ടി, ഒന്നാംസമ്മാനം 75 ലക്ഷം രൂപ കൈവശം ഇരിക്കുന്ന ടിക്കറ്റിന്. മറ്റു മൂന്ന് ടിക്കറ്റിന് സമാശ്വാസ സമ്മാനം 8000 രൂപ വീതവും. സഹപ്രവർത്തകർ എടുത്ത ടിക്കറ്റിനും സമാശ്വാസ സമ്മാനമായി 8000 രൂപ കിട്ടി. ഒന്നാംസമ്മാനം കിട്ടിയ ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചു. ഭാഗ്യവാനെ തിരക്കിയെത്തിയ ലോട്ടറി തൊഴിലാളിക്ക് കൈയിലിരുന്ന 8000 രൂപയുടെ മൂന്ന് ടിക്കറ്റുകൾ സന്തോഷത്തോടെ നൽകി. ലക്ഷപ്രഭു ആയെങ്കിലും ജോലിയിൽ തുടരാൻ തന്നെയാണ് ഷിബുവിന്റെ തീരുമാനം. സി.പി.എം പെരിങ്ങമല ബ്രാഞ്ച് അംഗവും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി അംഗവുമാണ് ഷിബു വർഗീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |