കൊല്ലം: ഉപഭോക്തൃ തർക്ക പരിഹാര ഫാറത്തെ കളക്ടറേറ്റിലെ ശ്വാട്ടംമുട്ടലിൽ തളിച്ചിടാൻ നീക്കം. കൊല്ലം റെയിൽവേ സ്റ്റേഷൻ- കർബല റോഡിൽ ഫാറത്തിന്റെ സ്വന്തം കെട്ടിടം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ എതിർ നീക്കം ശക്തമാക്കിയിരിക്കുന്നത്. ഫാറത്തിന്റെ ഓഫീസ് കളക്ടറേറ്റിൽ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
അഞ്ചുവർഷം മുമ്പാണ് കർബല റോഡിൽ ഫാറത്തിന്റെ ഓഫീസിനായി രണ്ട് നില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇഴഞ്ഞിഴഞ്ഞ് രണ്ട് വർഷം മുമ്പ് കെട്ടിട നിർമ്മാണം പൂർത്തിയായി. ഒരു വർഷത്തിലേറെയെടുത്താണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. കഴിഞ്ഞ ഒരുവർഷമായി കാബിൻ തിരിക്കൽ, ഫർണിഷിംഗ് അടക്കമുള്ള പ്രവൃത്തികൾ മുടങ്ങിക്കിടക്കുകയായിരുന്നു. അടുത്തിടെ ഇതിനാവശ്യമായ 17.50 ലക്ഷം രൂപ ഫാറം പൊതുമരാമത്ത് വകുപ്പിന് കൈമാറി. രണ്ട് മാസത്തിനുള്ളിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി കെട്ടിടം ഉപയോഗ യോഗ്യമാകുന്ന സാഹചര്യത്തിലാണ് എതിർനീക്കം സജീവമാകുന്നത്.
സ്ഥല പരിമിതിക്ക് പരിഹാരം
1. കളക്ടറേറ്റിലെ കുടുസുമുറിയിലാണ് ഫാറം ഇപ്പോൾ പ്രവർത്തിക്കുന്നത്
2. സ്ഥല പരിമിതി മൂലം ഉദ്യോഗസ്ഥരും പരാതിക്കാരും ശ്വാസംമട്ടുന്നു
3. പരാതികൾ പോലും സൂക്ഷിക്കാൻ ഇവിടെ ഇടമില്ല
4. സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറിയാൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഏതെങ്കിലും സർക്കാർ ഓഫീസിന് കളക്ടറേറ്റിൽ ഇടം നൽകാനാകും
സ്വതന്ത്രമായി നിൽക്കണം
ഉപഭോക്തൃ തർക്ക പരിഹാര ഫാറം മറ്റ് ഓഫീസുകളിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ചട്ടമുണ്ട്. ഒട്ടുമിക്ക ജില്ലകളിലും ഫാറത്തിന് സ്വന്തം കെട്ടിടമുണ്ട്. ശേഷിക്കുന്നിടത്ത് പുതിയ കെട്ടിടങ്ങൾക്കുള്ള ശ്രമം നടന്നുവരികയാണ്.
''
ഫാറത്തിന്റെ സ്വന്തം ഓഫീസിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ 17.5 ലക്ഷം അടുത്തിടെ കൈമാറി. മേയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മുഹമ്മദ് ഇബ്രാഹിം
ഉപഭോക്തൃ തർക്ക പരിഹാര ഫാറം ജില്ലാ പ്രസിഡന്റ്
'' '' വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ജില്ലാ കോടതി കെട്ടിടം വരുന്നത്. 22 കോടതികൾക്ക് പുറമേ മറ്റ് സൗകര്യങ്ങളുമുണ്ടാകും. ഏകദേശം രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമാണ് പ്രതീക്ഷിക്കുന്നത്. ഫാറത്തിന്റെ ഓഫീസ് ഏറെ അകലെയുള്ള റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ആർ. മനോജ് കുമാർ ബാർ അസോസിയേഷൻ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |