കോട്ടയം: തലമുറകളായി പൊരുതിനേടിയ സ്ത്രീകളുടെ അവകാശങ്ങൾ എക്കാലവും സംരക്ഷിക്കപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സമൂഹ്യ സാംസ്കാരിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വനിതാദിനം വിപുലമായി ആചരിച്ചു.
കോട്ടയം ബി.സി.എം കോളജ് വനിതാ സെല്ലിലെ 35 വിദ്യാർത്ഥികൾ നാഗമ്പടം സ്റ്റാന്റിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. തിരുനക്കര ഗാന്ധി സ്ക്വയറിൽ സൈക്കോ സോഷ്യൽ കൗൺസിൽ അംഗങ്ങളുടെ തെരുവുനാടകവും അരങ്ങേറി. വനിതാ ദിന റാലി തുടങ്ങിയവയും നടന്നു. അസംപ്ഷൻ ഓട്ടോണമസ് കോളേജും, റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ ചങ്ങനാശേരിയും, ഇന്നർ വീൽ ക്ലബ് ഒഫ് ഗ്രേറ്റർ ചങ്ങനാശേരിയും ചേർന്ന് സംയുക്തമായി വനിതാ ദിനം ആഘോഷിച്ചു. ആർ. ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കറുകച്ചാൽ, മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ഫ്ളാഷ് മോബ് നടത്തി. മഹിളാ മോർച്ച ചങ്ങനാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണം സെന്റ് മേരീസ് ബി.എഡ് കോളേജ് പ്രിൻസിപ്പൽ ബിന്ദു ഹരികുമാർ ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാദിനാചരണം ഇന്റർ സെക്ഷണൽ ഫെമിനിസ്റ്റ് മൃദുലാ ദേവി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |