കണ്ണൂർ: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രവർത്തന മികവിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാപാര വ്യവസായ പ്രോത്സാഹന സംഘടനയായ 'അസോച്ചം" (അസോസിയേറ്റഡ് ചേമ്പർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യ) ഏർപ്പെടുത്തിയ ദേശീയ അവാർഡ് തുടർച്ചയായി ഏഴാം തവണയും കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിന് ലഭിച്ചു. ഫെയർ ബിസിനസ് വിഭാഗത്തിലാണ് ദിനേശിന് ഇത്തവണയും അവാർഡ് സ്വന്തമാക്കാനായത്.
ഉത്പന്ന ഗുണനിലവാരം, വിപണനം, ഉപഭോക്താക്കളുടെ താൽപര്യ സംരക്ഷണം, തൊഴിലാളി ക്ഷേമ പ്രവർത്തനം, മുഴുവൻ നികുതിയും യഥാസമയം അടച്ച് വ്യാപാരത്തിൽ ധാർമ്മികത പുലർത്തുക തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര എം.എസ്.എം.ഇ സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മയിൽ നിന്ന് ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം ഡയറക്ടർ പി. കമലാക്ഷൻ, മാർക്കറ്റിംഗ് മാനേജർ എം. സന്തോഷ് കുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ബീഡി തൊഴിലാളിളെ പുനരധിവസിപ്പിക്കാനായി വിവിധ മേഖലകളിൽ പ്രവർത്തനം വിപുലപ്പെടുത്തിയ ദിനേശ് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി കൂടുതൽ മേഖലകൾ കണ്ടെത്താൻ ശ്രമിക്കുമെന്ന് കേന്ദ്രസംഘം ചെയർമാൻ എം.കെ ദിനേശ്ബാബു അറിയിച്ചു. കേരളത്തിൽ ഏഴ് തവണ അസോച്ചം അവാർഡ് ലഭിക്കുന്ന ഏക സ്ഥാപനമായി മാറിയ കേരള ദിനേശ് ഗുണമേന്മയ്ക്കുള്ള മറ്റ് നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |