പത്തനംതിട്ട: കവി കടമ്മനിട്ട രാമകൃഷ്ണന്റെ പതിനാലാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള കടമ്മനിട്ട സ്മൃതിയും പുരസ്കാര സമർപ്പണവും 27 , 31 തീയതികളിൽ കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ നടക്കും. കടമ്മനിട്ട ഫൗണ്ടേഷൻ, പത്തനംതിട്ട ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 27ന് ഉച്ചയ്ക്ക് ഒന്നിന് കവികളുടെ പുഷ്പാർച്ചനയും കാവ്യസ്തവവും. കോന്നിയൂർ ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ സി.എസ്.രാജേഷ് ഉദ്ഘാടനം ചെയ്യും. 3.30ന് ചൊൽക്കാഴ്ച . തപ്പ്, മണി, പന്തം എന്നിവയൊരുക്കുന്ന അരങ്ങിൽ കടമ്മനിട്ടയുടെ കവിതകൾ അവതരിപ്പിക്കും. പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കടമ്മനിട്ട അനുസ്മരണവും പുരസ്കാര സമർപ്പണവും മുൻ മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. മലയാളഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള കടമ്മനിട്ട പുരസ്കാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക് സമർപ്പിക്കും. മന്ത്രി വീണാജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.കെ.എസ്.രവികുമാർ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും.
പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള, പടേനിയുടെ രൗദ്ര സങ്കീർത്തനം എന്ന ഡോക്യുമെന്ററിയുടെ ടൈറ്റിൽ പോസ്റ്റർ എം.എ.ബേബി കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്യും.
31 ന് രാവിലെ 9.30ന് പുഷ്പാർച്ചന. 10 ന് കടമ്മനിട്ട സ്മൃതി സദസ് 'ഓർമ്മകളിലെ കടമ്മനിട്ട ' ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും . ബാബുജോൺ അദ്ധ്യക്ഷത വഹിക്കും .
വാർത്താ സമ്മേളനത്തിൽ ചെയർമാൻ വി. കെ. പുരുഷോത്തമൻ പിള്ള , കടമ്മനിട്ട ഫൗണ്ടേഷൻ സെക്രട്ടറി ഡോ . എം. ആർ ഗീതാദേവി , ജനറൽ കൺവീനർ ആർ. കലാധരൻ , ട്രഷറർ ഡോ . വി. ജി വിജയകുമാർ , ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |