പാലാ : പാവപ്പെട്ട രോഗികൾക്ക് ഏറെ അനുഗ്രഹമായ പാലാ ജനറൽ ആശുപത്രിയിലെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിൽ തിരക്കേറുന്നു. അതിശയകരമായ വിലക്കുറവിൽ വിവിധ രോഗങ്ങളുടെ കൃത്യമായ പരിശോധന നടത്താൻ കഴിയുന്നുവെന്നതാണ് പ്രധാന സവിശേഷത. ആരംഭിച്ചിട്ട് രണ്ടാഴ്ച മാത്രം പിന്നിടുന്ന ലാബിൽ ഇതിനോടകം നിരവധിപ്പേരാണ് വിവിധ പരിശോധനകൾക്കായി എത്തിയത്.
നൂറിൽപ്പരം വിവിധപരിശോധനകളാണ് ഇവിടെ നടത്തുന്നതെന്ന് ലാബ് ഇൻ -ചാർജ്ജ് അന്നമ്മ ഷിബു പറഞ്ഞു. ഏതാനും നാളുകൾക്കുള്ളിൽ 400 ഓളം പരിശോധനകൾക്ക് ലാബ് സജ്ജമാകും. അത്യാധുനിക മൈക്രോബയോളജി വിഭാഗം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും.
മറ്റ് വിവിധ പ്രദേശങ്ങളിൽ മൈക്രോബയോളജി പരിശോധനകൾക്ക് രണ്ട് ദിവസം വരെയെടുക്കുമ്പോൾ ഇവിടെ അഞ്ചുമണിക്കൂർ കൊണ്ട് ഫലം ലഭിക്കും. തൈറോയ്ഡുകളുടെ വിവിധ ടെസ്റ്റുകൾക്ക് 190 രൂപയാണ് ഈടാക്കുന്നത്. പുറത്തെ ലാബുകളിൽ ഇതിന് 500 വരെ ഈടാക്കുന്നുണ്ട്.
കുറഞ്ഞ ചെലവിൽ കാൻസർ നിർണയ പരിശോധനകളും നടത്താം.
കൊവിഡാനന്തര ടെസ്റ്റിന് 1300
കൊവിഡാനന്തരമുള്ള 21 പരിശോധനകൾക്ക് 1300 രൂപയാണ്. പുറത്ത് രണ്ടായിരത്തിന് മുകളിൽ വരും. ഡി.ഡൈമർ, സി.ആർ.പി., ക്രിയാറ്റിൻ, കരൾ പരിശോധന, ഗ്ലൂക്കോസ് പരിശോധന, വ്യത്യസ്തമായ 12 പരിശോധനകൾ ഉൾക്കൊള്ളുന്ന ഹീമോഗ്രാം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എക്സിക്യുട്ടീവ് ടെസ്റ്റാണ് മറ്റൊരു വിലക്കുറവുള്ള പരിശോധന. പുറത്ത് 2000 - 2500 രൂപയുടെ പാക്കേജിന് ഇവിടെ 900 രൂപ മതി. ഷുഗർ, വൃക്ക, കരൾ രോഗ നിർണയം, വിശദമായ കൊഴുപ്പ് പരിശോധന, തൈറോയ്ഡ് പരിശോധന, ഹീമോഗ്രാം എന്നിവയാണ് ഇതിലുള്ളത്. ഇതോടൊപ്പം 60 വയസ് കഴിഞ്ഞവർക്ക് സൗജന്യമായി കാൻസർ, സോഡിയം, പൊട്ടാസ്യം പരിശോധനയും ചെയ്ത് കൊടുക്കും. ഫോൺ : 9495446620.
ഏത് പരിശോധനയുടെയും സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ച് രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭ്യമാക്കും.
പരിപൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ലാബാണ്. അത്യാധുനിക മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
അന്നമ്മ ഷിബു, ലാബ് ഇൻചാർജ്ജ്
നേതൃത്വം വഹിക്കുന്നത് ഇവർ
പാലാ ജനറൽ ആശുപത്രിയിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിനെ നയിക്കുന്നത് മാനേജർ കെ. സാബു, ലാബ് ഇൻചാർജ്ജ് അന്നമ്മ ഷിബു, അസി. ഇൻ-ചാർജ്ജ് ദിവ്യ കെ. ചന്ദ്രൻ, സീനിയർ ടെക്നീഷ്യൻ കൊച്ചുറാണി മാത്യു എന്നിവരാണ്. അടുത്ത മാസം മുതൽ പരിശോധനകൾ മുൻകൂർ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |