തിരുവനന്തപുരം: ഇന്ത്യയൊന്നാകെ കേരളത്തിന്റെ തലസ്ഥാനത്തേക്ക് എത്തിച്ചേരുന്ന സരസ് മേള സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ സംരംഭകത്വത്തിന്റെയും ഉത്തമ ഉദാഹരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ കീഴിൽ കനകക്കുന്നിൽ 12 ദിവസം നീണ്ടുനിൽക്കുന്ന ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പ്രാദേശിക വനിതാ കൂട്ടായ്മകളുടെയും സംരംഭകരുടെയും പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. മേള നടത്താൻ കേന്ദ്രസർക്കാർ അനുവദിച്ച 40 ലക്ഷം രൂപയ്ക്കുപുറമെ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ സാംസ്കാരിക വൈവിദ്ധ്യത്തെ പ്രതിഫലിക്കുന്ന മേള ആസ്വദിക്കാൻ ജനം സമയം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിൽ ഫുഡ് കോർട്ട് നടത്തുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ സംരംഭകർ ''ഇന്ത്യ ഇൻ വൺ പ്ലേറ്റ്'' എന്ന ആശയത്തോടെ വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണവിഭവങ്ങൾ ഒരു പ്ലേറ്റിൽ മുഖ്യമന്ത്രിക്ക് നൽകി.
മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ പങ്കെടുത്തു.
237 സ്റ്റാളുകളുമായി
600ലേറെ സംരംഭകർ
ഇന്ത്യയിലെ ഗ്രാമീണ ഉത്പന്നങ്ങളെ മുഴുവൻ ഒരു കുടക്കീഴിലെത്തിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്കായി കനകക്കുന്നിൽ തയ്യാറാക്കിയത് 60,000 ചതുരശ്രഅടി വിസ്തീർണമുളള പവലിയൻ. 237 സ്റ്റാളുകളിലായി അറുന്നൂറിലേറെ സംരംഭകരാണ് മേളയിലുള്ളത്. എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യവിഭവങ്ങൾ അണിനിരക്കുന്ന ഇന്ത്യാ ഫുഡ് കോർട്ടാണ് മേളയുടെ പ്രധാന ആകർഷണം.
മുന്നൂറിലേറെ വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഫുഡ്കോർട്ടിൽ ലഭിക്കും. തിരുവിതാംകൂർ, കൊച്ചി, മലബാർ രുചികളെ അതിന്റെ യഥാർത്ഥ തനിമയോടെ വിളമ്പാൻ കഫേ കുടുംബശ്രീയുണ്ടാകും. അട്ടപ്പാടി ആദിവാസി ഊരുകളിലെ തനതുവിഭവങ്ങൾ, കുടുംബശ്രീയുടെ കീഴിലുളള ട്രാൻസ്ജെൻഡർ ഗ്രൂപ്പുകൾ ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങൾ എന്നിവയും ഇന്ത്യാ ഫുഡ് കോർട്ടിൽ ലഭിക്കും. ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷനും ഹരിതകേരളം മിഷനുമായി ചേർന്ന് പ്രത്യേക കർമ്മപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |